കൊച്ചി:സംവിധായകന്‍ ഭാരതിരാജയുടെ ‘അലൈഗള്‍ ഒയ്വതില്ലൈ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് രാധ. തിരുവനന്തപുരം കല്ലറ സ്വദേശിയായ രാധ നടി അംബികയുടെ സഹോദരി കൂടിയായാണ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരായിരുന്നു ഇരുവരും. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിള്‍ നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ രാധ കുറച്ച് മലയാള ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. രേവതിക്കൊരു പാവക്കുട്ടി, ഇരകള്‍, അയിത്തം, ഉമാനിലയം തുടങ്ങിയ മലയാളം സിനിമകള്‍ അവയില്‍ ശ്രദ്ധേയമാണ്.
വിവാഹശേഷം സിനിമയില്‍ സജീവമല്ല രാധ. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഭാരതിരാജ സംവിധാനം ചെയ്ത ‘ടിക് ടിക് ടിക്’എന്ന സിനിമയുടെ ഷൂട്ടിങിനിടുത്ത എടുത്ത ചിത്രമാണ് രാധ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. നടന്‍ കമല്‍ഹാസന്‍, നടിമാരായ മാധവി, സ്വപ്ന എന്നിവരെയും ചിത്രത്തില്‍ കാണാം. ഷൂട്ടിങ് നാളുകളിലെ പ്രിയപ്പെട്ട ഓര്‍മകളില്‍ ഒന്നാണിത് എന്ന കുറിപ്പോടെയാണ് രാധ ചിത്രം പങ്കുവച്ചിരിക്കുന്നത്.
അന്ന് സിനിമയുടെ ഭാഗമായി എടുത്ത ഒരു ചിത്രം പോലെ മാത്രം തോന്നിയേക്കാം. പക്ഷേ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇങ്ങനെയാകാന്‍ വേണ്ടി തങ്ങള്‍ എടുത്ത കഠിനാധ്വാനത്തെക്കുറിച്ച് ആദരവ് തോന്നുന്നുവെന്നും രാധ കുറിച്ചു.
1991 ലാണ് രാധ വ്യവസായിയായ രാജശേഖരന്‍ നായരെ വിവാഹം ചെയ്യുന്നത്. രാധയുടെ വഴി പിന്തുടര്‍ന്ന് മക്കളായ കാര്‍ത്തികയും തുളസിയും സിനിമാരംഗത്തെത്തിയിരുന്നു. കമ്മത്ത് ആന്റ് കമ്മത്ത്, മകരമഞ്ഞ്, കോ തുടങ്ങിയ ചിത്രങ്ങളില്‍ കാര്‍ത്തിക വേഷമിട്ടു. മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തുളസിയുടെ അരങ്ങേറ്റം.
പി.വി വിശ്വഭരന്‍ സംവിധാനം ചെയ്ത സംഘര്‍ഷം എന്ന ചിത്രത്തിലൂടെയായിരുന്നു സ്വപ്‌നയുടെ അരങ്ങേറ്റം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ വേഷമിട്ട സ്വപ്‌ന വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിടവാങ്ങി. മുബൈയില്‍ ഭര്‍ത്തവി് രാമന്‍ ഖന്നയ്‌ക്കൊപ്പം ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മാധവി. ആന്ധ്രയിലെ എലൂരില്‍ ജനിച്ച മാധവി മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഒരുകാലത്ത് ശ്രദ്ധനേടിയ അഭിനേത്രിയാണ്. 1976 ല്‍ തെലുങ്ക് ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച് മാധവിയുടെ ആദ്യ മലയാള ചിത്രം ഹരിഹരന്‍ സംവിധാനം ചെയ്ത ലാവയായിരുന്നു.
ഗര്‍ജനം, ഓര്‍മക്കായ്, കുറുക്കന്റെ കല്യാണം, ചങ്ങാത്തം, ആകാശദൂത്, ഗാന്ധാരി തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു. ഓര്‍മയ്ക്കായ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മാധവി സ്വന്തമാക്കി. 1996 ലായിരുന്നു അമേരിക്കയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായിയായ റാല്‍ഫ് ശര്‍മയെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം അമേരിക്കയിലാണ് സ്ഥിരതാമസം.