കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ വംശീയാധിക്ഷേപമുണ്ടായെന്ന് ആരോപണം. ബ്ലാസ്റ്റേഴ്‌സ് താരം ഐബന്‍ ദൗലിങ്ങിനെതിരെയാണ് വംശീയാധിക്ഷേപം നടന്നത്. വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന ഉദ്ഘാടന മത്സരത്തിനിടെ ബെംഗളൂരു എഫ്‌സി താരം റയാന്‍ വില്യംസ് ഐബനെ വംശീയമായി അധിക്ഷേപിച്ചെന്നാണ് പരാതി. ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയാണ് ആരോപണവുമായി രംഗത്തെത്തിയത്. റയാന്‍ വില്യംസിനെതിരെ നടപടി വേണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു.
Zero tolerance for racism! We strictly condemn the racial gestures by @bengalurufc player Ryan Williams towards Aiban. @IndianFootball and @indsuperleague must act decisively against the player involved.
— Manjappada (@kbfc_manjappada) September 22, 2023
Racism has no place in our game!#KickOutRacism #EndRacismInFootball pic.twitter.com/BJiZxGfU8r
ഐഎസ്എല്ലിന്റെ പത്താം സീസണിലെ ആദ്യ മത്സരത്തിനിടെയായിരുന്നു സംഭവം. വംശീയതയോട് ഒട്ടും സഹിഷ്ണുതയില്ലെന്നാണ് മഞ്ഞപ്പട സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സംഭവത്തില്‍ അപലപിക്കുന്നുവെന്നും ബെംഗളൂരുവിന്റെ റയാനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോടും ഐഎസ്എല്‍ മാനേജ്‌മെന്റിനോടും മഞ്ഞപ്പട ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാലറിയിൽ ആർത്തലച്ച പതിനായിരങ്ങൾ പകർന്നു നൽകിയ ആവേശം കാലുകളിലാവാഹിച്ച് നിറഞ്ഞാടിയ കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബംഗളൂരു എഫ്.സിയുടെ കണക്ക് തീർത്ത് ഐ.എസ്.എൽ പത്താം സീസണിന്റെ തുടക്കം ഗംഭീരമാക്കിയിരുന്നു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായ ഐ.എസ്.എൽ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ അഡ്രിയാൻ ലൂണയുടെ ഇന്റലിജന്റ് ഗോളും ബംഗളൂരു താരം കെസിയാന്റെ സെൽഫ് ഗോളുമാണ് ബ്ലാസ്റ്റേഴ്സിന് വിജയമൊരുക്കിയത്. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ സുനിൽ ഛെത്രി നേടിയ വിവാദഗോളിൽ തങ്ങളുടെ ഫൈന സ്വപ്നങ്ങൾ തച്ചുടച്ച ബംഗളൂരുവിനോടുള്ള പ്രതികാരം തീർക്കൽ കൂടിയായി ബ്ലാസ്റ്റേഴ്സിന് ഈ ജയം.
സൂപ്പർ താരം ഡയമന്റക്കോസില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെയിറങ്ങിയത്. ബംഗളൂരുവിനെതിരായ കഴിഞ്ഞ പ്ലേഓഫ് സംഭവങ്ങളെ തുടർന്ന് വിലക്ക് നേരിടുന്ന കോച്ച് ഇവാൻ വുകോമനോവിച്ച് ഗാലറിയിലായിരുന്നു. ബംഗളുൂരു നിരയിൽ ഏഷ്യൻഗെയിംസിൽ പങ്കെടുക്കുന്ന സുനിൽ ഛെത്രിയുടെ അഭാവത്തിൽ സൂപ്പർ ഗോളി ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ബംഗളൂരുവിന്റെ ക്യാപ്ടൻ. ബ്ലാസ്റ്റേഴ്സിന്റെ രാഹുൽ കെ.പിയും നാഷണൽ ഡ്യൂട്ടിയിലാണ്.
പരമ്പരാഗതമായ 4-4-2 ശൈലിയിൽ ക്യാപ്ടൻ അഡ്രിയാൻ ലൂണയും ഘാന താരം ക്വാമെ പെപ്രായും മുന്നേറ്റത്തിൽ അണിനിരന്നപ്പോൾ മദ്ധ്യനിരയിൽ ലക്ഷദ്വീപ് താരം മൊഹമ്മദ് അയ്മൻ,ജീക്സൺ സിംഗ്, ഡാനിഷ് ഫറൂഖി, ഡയിസുകെ സഖായി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. പ്രബീർദാസ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻകിക്ക്, ഡോഹ്ലിംഗ് എന്നിവർ.. മലയാളി താരം സച്ചിൻ സുരേഷാണ് ഗോൾ വലകാത്തത്. മറുവശത്ത് കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ തിളങ്ങിയ ജെസ്സൽ കർണെയ്റോയായിരുന്നു
മഴയുടെ അകമ്പടിയോടെയായിരുന്നു സ്റ്റാർട്ടിംഗ് വിസിൽ. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. കളിയുടെ ആദ്യ സെക്കൻഡിൽ തന്നെ ബ്ലാസ്റ്റേഴ്സ് കോർണർ നേടിയെങ്കിലും മുതലാക്കാനായില്ല. വീണ്ടും ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നു. പതിയെ താളം കണ്ടെത്തിയ ബംഗളൂരുവും വലതുവിംഗിലൂടെ ആക്രമണങ്ങൾ മെനഞ്ഞു. പത്ത് മിനിട്ടിനുള്ളിൽ ബംഗളുൂരുവിനും കോർണർ കിട്ടിയെങ്കിലും അവർക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.
26-ാം മിനിട്ടിൽ കോർണർ ഫ്ലാഗിനരികിൽ നിന്ന് തന്നെ വെട്ടിയൊഴിഞ്ഞ് കുതിച്ച സക്കായിയെ പെനാൽറ്റി ബോകിസിന് തൊട്ടരകിൽ വച്ച് ഫൗൾ ചെയ്ത് വീഴ്ത്തിയ ബംഗളൂരു ഡിഫൻഡ ജെസ്സൽ കർനെയ്റോ സീസണിലെ ആദ്യ മഞ്ഞക്കാർഡിന് അർഹനായി. 34-ാം മിനിട്ടിൽ റോഷൻസിംഗ് വലതുവിംഗിൽ നിന്ന് റോഷൻസിംഗ് തൊടുത്ത ലോംഗ് ബാൾ ബ്ലാസ്റ്റേഴ്സ് വല ലക്ഷ്യമാക്ക പറന്നെത്തിയെങ്കിലും ഗോൾ കീപ്പർ സച്ചിൻ വായുവിലുയർന്ന് അതിമനോഹരമായി ക്രോസ്ബാറിന് മുകളിലൂടെ കുത്തിയകറ്റി. പിന്നീട് ചില നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നാം പകുതി ഗോൾ രഹിതമായി അവസാനിച്ചു.
ബംഗളൂരുവിന്റെ ആക്രമണ്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. തൊട്ടുപിന്നാലെ കൗണ്ടർ അറ്റാക്കിനൊടുവിൽ പെപ്രയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. പിന്നീട് ഇരുടീമും ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്.50-ാം മിനിട്ടിൽ പെപ്രയുടെ ബുളളറ്റ് ഷോ്ട്ട് ഗുർപ്രീത് എറെ കഷ്ടപ്പെട്ടാണ് തട്ടിയകറ്റിയത്. ഇതിന് കിട്ടിയ കോർണറിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോളെത്തിയത്. ലൂണയെടുത്ത കോർണർ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ ബംഗളുരുവിനറെ ഡച്ച് മിഡ്ഫീൽഡർ കെസിയ വീൻഡോർപ്പിന്റെ ദേഹത്ത് തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു. ഗാലറി ആഹ്ലാദാരവത്തിൽ പ്രകമ്പനം കൊണ്ടു.
70-ാം മിനിട്ടിൽ ഗുർപ്രീതിന്റെ പിഴവ് മുതലെടുത്ത് ലൂണ ബ്ലാസ്റ്റേഴ്സിന്റെ ലീഡുയർത്തി. ബോക്സിന് മുന്നിൽ പന്ത് ക്ലിയർ ചെയ്ത് സഹതാരത്തിന് തട്ടിക്കൊടുക്കാനുള്ള ഗുർപ്രീതിന്റെ ശ്രമം പാളി. വേഗത്തിലോടിക്കയറി പന്ത് വലയിലേക്ക് തട്ടിയിട്ട് ലൂണ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടി.90-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് കുർട്ടിസ് മെയിൻ ബംഗളൂരുവിനായി ഒരുഗോൾ മടക്കി.
പുതിയ സീസണിൽ വലിയ പ്രതീക്ഷയോടെ ഒഴുകിയെത്തിയ കാണികൾ മെക്സിക്കൻ തിരമാലകൾ തീർത്ത് ഗാലറിയെ മഞ്ഞകടലാക്കി മാറ്റി, മത്സരത്തിന്റെ ടിക്കറ്റുകൾ ബുധനാഴ്ചയേ വിറ്റു തീർന്നതിനാൽ ഹൗസ്‌ഫുള്ളായിരുന്നു ഗാലറി. ബുധനാഴ്ച രാത്രി മുതലേ കാസർകോട് വയനാട് എന്നിവിടങ്ങളിൽ നിന്നെല്ലാം ബ്ലാസ്റ്റേഴ്സ് ആരാധകർ കലൂരിലെത്തി. 34,911 പേരാണ് ഇന്നലെ കളികാണാൻ വന്നത്.