ചെന്നൈ: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍. ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ നടന്ന പരിപാടിക്കിടെയാണ് അശ്വിന്‍ തന്റെ നിലപാടു വ്യക്തമാക്കിയത്.
ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ക്രിക്കറ്റ് ബൗളിംഗ് നിരയുടെ കരുത്തായിരുന്ന അശ്വിന്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഹിന്ദി ഭാഷയില്‍ തമിഴ്‌നാടിന്റെ പൊതുവികാരം വെളിപ്പെടുത്തി അശ്വിന്‍ രംഗത്ത് വരുമ്പോള്‍ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കമാണോയെന്ന ചോദ്യം ഉയരുന്നുണ്ട്. അതേ സമയം അശ്വിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നുകഴിഞ്ഞു.
എന്‍ജിനീയറിങ് കോളജിലെ വേദിയില്‍വച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാമോയെന്ന് അശ്വിന്‍ വിദ്യാര്‍ഥികളോടു ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമര്‍ശം. അശ്വിന്റെ പ്രതികരണത്തെ വലിയ കയ്യടികളോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.
എന്നാല്‍ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിന്‍ ഭാഷാ വിവാദത്തില്‍ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദന്‍ മുന്നറിയിപ്പു നല്‍കി. ”ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിന്‍ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്‌നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാന്‍ എനിക്കു താല്‍പര്യമുണ്ട്.” ബിജെപി നേതാവ് ചോദിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു. രണ്ടാം ടെസ്റ്റിനു പിന്നാലെ കരിയര്‍ അവസാനിക്കുകയാണെന്ന് അശ്വിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ വാഷിങ്ടന്‍ സുന്ദറിനെ ബിസിസിഐ പരിഗണിച്ചതോടെയായിരുന്നു അശ്വിന്റെ നീക്കം.
രാജ്യാന്തര കരിയര്‍ അവസാനിച്ചെങ്കിലും, ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി അശ്വിന്‍ കളിക്കും. മെഗാലേലത്തില്‍ 9.75 കോടി രൂപയ്ക്കാണ് അശ്വിനെ ചെന്നൈ വാങ്ങിയത്.