ഭീഷണിപ്പെടുത്താന്‍ 10,000, കൊലപാതകത്തിന് 55,000! സര്‍വീസുകളുടെ നിരക്ക് പ്രസിദ്ധീകരിച്ച് ഗുണ്ടാസംഘം
ന്യൂഡല്‍ഹി: ഭീഷണി, അടി, ഇടി മുതല്‍ കൊലപാതകം വരെ എന്തിനും ക്വട്ടേഷന്‍ സ്വീകരിക്കുമെന്ന് കാണിച്ചുകൊണ്ടുള്ള ഗുണ്ടാസംഘത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഗുണ്ടാ സംഘമാണ് തങ്ങളുടെ ‘ഗുണ്ടാ സര്‍വീസുകളുടെ’ തുക പട്ടിക പ്രസിദ്ധീകരിച്ച് ഞെട്ടിച്ചിരിക്കുന്നത്.
ഒരുകൂട്ടം യുവാക്കള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു പിസ്റ്റലുമായി നില്‍ക്കുന്ന യുവാവിന്റെ ചിത്രത്തിന് താഴെ സംഘത്തിന്റെ ‘ഗുണ്ടാ സര്‍വീസുകള്‍ക്ക ‘ ഈടാക്കുന്ന തുകയുടെ പട്ടിക കാണാം.
10,000 മുതല്‍ 55,000 വരെയുള്ള വില വിവരങ്ങള്‍ ആണ് ഗുണ്ടകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം ഭീഷണിപ്പെടുത്താന്‍ 10,000 രൂപ, ആളുകളെ മര്‍ദ്ദിക്കാന്‍ 5,000 രൂപ, മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കണമെങ്കില്‍ 10,000 രൂപ, കൊലപാതകത്തിന് 55,000 രൂപ എന്നിങ്ങനെയാണ് കണക്കുകള്‍.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. പോസ്റ്റ് അപ്ലോഡ് ചെയ്തവരില്‍ ഒരാളെ പോലീസ് കണ്ടെത്തി. ചൗകാദാ ഗ്രാമത്തിലെ ഒരു പി.ആര്‍.ഡി ജവാന്റെ മകനാണ് പോസ്റ്റ് അപ്ലോഡ് ചെയ്തതെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.