മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു, 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തിലാണ് മുന്‍ കോണ്‍ഗ്രസ് ലോക്സഭാ എംപി കൂടിയായ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നത്. അറുപതുകാരനായ നടനെ തന്റെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
2004 ല്‍ ആണ് ഗോവിന്ദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ടായിരുന്നു തുടക്കം. മുംബൈ നോര്‍ത്ത് ലോക്സഭാ സീറ്റില്‍ ബിജെപി നേതാവ് രാം നായിക്കിനെ പരാജയപ്പെടുത്തിയാണ് ഗോവിന്ദ എംപിയായത്.
2009 മുതലുള്ള ഇടവേളയ്ക്കു ശേഷമാണ് ഗോവിന്ദ വീണ്ടും രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. വീണ്ടും തിരിച്ചുവരുമെന്ന് കരുതിയതല്ലെന്ന് ഗോവിന്ദ പ്രതികരിച്ചു. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം താന്‍ തിരിച്ചെത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവസരം ലഭിച്ചാല്‍ കലാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കും. ഷിന്‍ഡെ മുഖ്യമന്ത്രിയായതിന് ശേഷം മുംബൈ കൂടുതല്‍ മനോഹരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം കൈവരിച്ച വികസനം അവിശ്വസനീയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.