പൂനെ: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത് ക്വിന്റണ്‍ ഡി കോക്ക് (114), റാസി വാന്‍ ഡര്‍ ഡസ്സന്‍ (133) എന്നിവരുടെ സെഞ്ചുറികളായിരുന്നു. ഇരുവരുടേയും കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 35.3 ഓവറില്‍ 167ന് എല്ലാവരും പുറത്തായി. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു.
ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡി കോക്ക്. ഈ ലോകകപ്പില്‍ നാലാം സെഞ്ചുറിയാണ് ഡി കോക്ക് കണ്ടെത്തിയത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം ഒന്നൂകൂടെ ഉറപ്പിക്കാനും ഡി കോക്കിനായി. ഏഴ് മത്സരങ്ങൡ 77.86 ശരാശരിയില്‍ 545 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണറുടെ സമ്പാദ്യം. ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലെത്താനും ഡി കോക്കിന് സാധിച്ചു.
ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. 2003 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും ഇക്കൂട്ടത്തിലുണ്ട്. മികച്ച ഫോമില്‍ കളിക്കുന്ന ഡി കോക്ക് ഈ സീസണില്‍ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് കരുതപ്പെടുന്നത്. സച്ചിനൊപ്പമെത്താന്‍ ഡി കോക്കിന് 128 റണ്‍സ് കൂടി മതി.
മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡനാണ് രണ്ടാം സ്ഥാനത്ത്. 2007 ലോകകപ്പില്‍ ഹെയ്ഡന്‍ 11 മത്സരത്തില്‍ അടിച്ചെടുത്തത് 659 റണ്‍സ്. 73.22 ആയിരുന്നു ശരാശരി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (648), ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (647), ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (606), ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (578), ഇംഗ്ലണ്ട് താരം ജോ റൂട്ട് (556) എന്നിവര്‍ രണ്ട് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍. 2019 ലോകകപ്പിലായിരുന്നു ഇവരുടെയെല്ലാം നേട്ടം.
മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ (548 – 2006), ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ (547 -2015) എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. ഡി കോക്ക് പത്താമതും. അതേസമയം, ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയാണ്. ഏഴ് മത്സരങ്ങളില്‍ 415 റണ്‍സാണ് സമ്പാദ്യം. ഡേവിഡ് വാര്‍ണര്‍ (413), രോഹിത് ശര്‍മ (398), എയ്ഡന്‍ മാര്‍ക്രം (362) എന്നിവരാണ് ആദ്യ അഞ്ചില്‍ ശേഷിക്കുന്നവര്‍.