FootballNewsSports

FIFA World Cup 2022:974 കേവലമൊരക്കമല്ല,ലോകകപ്പ് വിസ്മയമായി കണ്ടെയ്‌നര്‍ സ്റ്റേഡിയം

ദോഹ:അത്ഭുതം! അവിശ്വസനീയം. അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ലോകകപ്പ്‌ ഖത്തറിന്‌ അനുവദിച്ചതുമുതൽ കേട്ടുതുടങ്ങിയതാണ്‌ കണ്ടെയ്‌നർ സ്‌റ്റേഡിയം. കേട്ടും വായിച്ചും അറിഞ്ഞതിനേക്കാൾ കൗതുകവും അമ്പരപ്പും ഉണ്ടാക്കുന്നതാണ്‌ നേരിട്ടുള്ള കാഴ്‌ച. 974 ഷിപ്പിങ് കണ്ടെയ്‌നറുകൾ അടുക്കിവച്ചൊരു സ്‌റ്റേഡിയം. 40,000 പേർക്ക്‌ കളികാണാനുള്ള  സൗകര്യമാണ്‌ സ്‌റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്‌. ലോകകപ്പ്‌ കഴിഞ്ഞാൽ കണ്ടെയ്‌നറുകൾ അഴിച്ചുകൊണ്ടുപോകാം. 

ചരക്കുകപ്പലിൽ സാധനങ്ങൾ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകൾകൊണ്ട്‌ ഇങ്ങനെയാരു ഉപയോഗമുണ്ടെന്ന്‌ ലോകം തിരിച്ചറിയുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുപോലൊരു സ്‌റ്റേഡിയം നിർമിതി ഇതിനുമുമ്പുണ്ടായിട്ടില്ല.   ആവശ്യം കഴിഞ്ഞാൽ മറ്റൊരിടത്ത്‌ സ്ഥാപിക്കാം. പ്രഥമ ലോകകപ്പിന് നൂറ്റാണ്ട്‌ തികയുന്ന 2030ൽ ആതിഥേയരാകാൻ  ഉറുഗ്വേ ശ്രമിക്കുന്നു. അവർക്ക്‌ അവസരം ലഭിച്ചാൽ ഖത്തറിലെ കണ്ടെയ്‌നർ സ്‌റ്റേഡിയം ഉറുഗ്വേയിൽ പുനർജനിക്കും. 1930ലെ ആദ്യ ലോകകപ്പ്‌ സംഘാടകർ ഉറുഗ്വേയായിരുന്നു.  

ഖത്തറിന്റെ രാജ്യാന്തര ഡയലിങ് കോഡ്‌ 974 ആണെന്നതും കൗതുകമുണ്ടാക്കുന്നു. സ്‌പെയ്‌നിലെ ഫെൻവിക് എറിബാറൻ ഗ്രൂപ്പാണ്‌ ദോഹയുടെ വ്യാപാരവും സമുദ്രയാന പൈതൃകവും പ്രതിഫലിക്കുന്ന സ്‌റ്റേഡിയത്തിന്റെ രൂപകൽപ്പന നിർവഹിച്ചത്‌.

പൂർണമായും പരിസ്ഥിതിക്ക് അനുയോജ്യമാണ്‌ നിർമാണം. പുനരുൽപ്പാദിപ്പിച്ച സ്റ്റീൽകൊണ്ടാണ് അടിത്തറ നിർമിച്ചത്. നാലരലക്ഷം ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ ഏഴ്‌ നിലകളിലാണ് സ്‌റ്റേഡിയം. കുറഞ്ഞ ചെലവിൽ ഉയർന്ന സുരക്ഷയിൽ പുതുമയാർന്ന സ്‌റ്റേഡിയം നിർമിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണം.

കഴിഞ്ഞവർഷം നവംബറിൽ ഉദ്ഘാടനം ചെയ്ത ഇവിടെ പ്രഥമ ഫിഫ അറബ് കപ്പ് മത്സരങ്ങൾ അരങ്ങേറി. ലോകകപ്പിൽ ആറ്‌ ഗ്രൂപ്പ്‌ മത്സരങ്ങളും ഒരു പ്രീക്വാർട്ടർ മത്സരവുമാണ്‌ ഇവിടെ അരങ്ങേറുക. ബ്രസീൽ, ഫ്രാൻസ്‌, അർജന്റീന, പോർച്ചുഗൽ ടീമുകളുടെ മത്സരമുണ്ട്‌. ആദ്യകളി 22ന് മെക്‌സിക്കോയും പോളണ്ടും തമ്മിൽ. സ്‌റ്റേഡിയത്തോടുചേർന്ന്‌ ഫാൻസ് സോണുകളിലൊന്നായ 974 ബീച്ച് ക്ലബ്ബുണ്ട്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button