ആകാശച്ചുഴിയിൽപെട്ട് ഖത്തർ എയര്‍വേയ്‌സ് വിമാനം; യാത്രക്കാരടക്കം 12 പേർക്ക് പരിക്ക്
ഡബ്ലിൻ: സിംഗപ്പൂർ എയർലൈൻസിന് പിന്നാലെ ആകാശച്ചുഴിയിൽപെട്ട് ഖത്തർ എയർവേഴ്സ്. ആറ് വിമാന ജീവനക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഖത്തറിലെ ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്ക് പുറപ്പെട്ട QR017 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം സുരക്ഷിതമായി ഡബ്ലിനിൽ ഇറക്കി. അഞ്ച് ദിവസം മുൻപ് ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്ക് പറന്ന സിംഗപ്പൂർ എയർലൈൻസ് സമാന അപകടത്തിൽപെട്ട് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിമാനം അപകടത്തിൽപെട്ട സംഭവം ഡബ്ലിൻ എയർപോർട്ട് അധികൃതർ എക്സിലൂടെ സ്ഥിരീകരിച്ചു. തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയിൽ പെട്ടതെന്നും അധികൃതർ വ്യക്തമാക്കി. ആറ് യാത്രക്കാർക്കും ആറ് വിമാന ജീവനക്കാർക്കുമാണ് പരിക്കേറ്റതെന്നും അവർ അറിയിച്ചു.
ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സ് QR017 വിമാനം ഞായറാഴ്ച ഒരു മണിക്ക് മുൻപ് ഷെഡ്യൂൾ ചെയ്ത പ്രകാരം ഡബ്ലിൻ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർപോർട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം ആകാശച്ചുഴിയിൽപെട്ടതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ആറ് യാത്രക്കാർക്കും ആറ് ജീവനക്കാരും പരിക്കേറ്റു. ലാൻഡിങ്ങിന് ശേഷം എയർപോർട്ട് പോലീസും ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെൻ്റും എയർപോർട്ട് അധികൃതരും ചേർന്ന് അടിയന്തര സേവനങ്ങൾ നൽകിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്ക് 211 യാത്രക്കാരുമായി പറന്ന സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽപെട്ട് ആടിയുലഞ്ഞതോടെ തായ്‍ലാൻഡിലെ ബാങ്കോക്കിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ 21നായിരുന്നു സംഭവം. അപകടത്തിൽ യാത്രക്കാരനായ ബ്രിട്ടൺ സ്വദേശി ജെഫ്രി കിറ്റചെൻ (73) മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയുമായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യാത്രക്കാരുടെ തലയ്ക്കടക്കം പരിക്കേറ്റിരുന്നു. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. മൂന്ന് ഇന്ത്യക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.