പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അഭിഷേക് ബാനർജി അംഗത്വം നൽകി
കൊല്‍ക്കത്ത: നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി സ്വീകരിച്ചു. കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍വെച്ചാണ് പാര്‍ട്ടി അംഗത്വമെടുത്തത്.
കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അൻവർ യുഡിഎഫിലേക്കു പോകുന്നെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ് അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമയത്.
അൻവർ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചിരുന്നു. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നിൽക്കുമെന്നു മുസ്‍ലിം ലീഗ് അറിയിച്ചു.
എന്നാൽ കോൺഗ്രസ് നേതാക്കളെ കാണാൻ ലക്ഷ്യമിട്ട് അൻവർ തിരുവനന്തപുരത്തു കഴിഞ്ഞദിവസം എത്തിയെങ്കിലും ആരും അൻവറിനു സമയം നൽകിയിരുന്നില്ല. സമരത്തിന്റെ പേരിൽ എംഎൽഎയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള പ്രതികരണത്തെ, അൻവറിനു പിന്തുണ നൽകുന്നതായി ദുർവ്യാഖ്യാനം ചെയ്തെന്നാണു യുഡിഎഫ് നേതാക്കൾ പറയുന്നത്.