വ്‌ളാഡിമിര്‍ പുതിന്‍ റഷ്യൻ പ്രസിഡന്റായി അഞ്ചാം തവണയും അധികാരമേറ്റു
മോസ്‌കോ: രാഷ്ടീയ എതിരാളികളെയും പ്രതിപക്ഷത്തെയും നാമാവശേഷമാക്കി ആഞ്ചാംതവണയും റഷ്യൻ പ്രസിഡന്‍റ് സ്ഥാനത്ത് അവരോധിതനായി വ്‌ളാഡിമിര്‍ പുതിന്‍. മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിൻ പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് 71-വയസ്സുകാരനായ പുതിന്‍ വീണ്ടും അധികാരം ഏറ്റെടുത്തത്.
മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുതിന്‍ റെക്കോര്‍ഡ് വിജയമാണ് നേടിയത്. 87.8% വോട്ട് നേടിയാണ് പുതിന്‍ വിജയിച്ചത്. കാല്‍ നൂറ്റണ്ടോളം റഷ്യന്‍ ഭരണാധികാരിയായി തുടര്‍ന്ന പുതിന് ഇനി 2030 വരെ ഭരണത്തിലിരിക്കാം. 2022-ലെ യുക്രൈന്‍ അധിനിവേശത്തിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വലിയ എതിര്‍പ്പുകൾ റഷ്യ നേരിടുന്നതിനിടെയാണ് പുതിൻ വീണ്ടും പ്രസിഡന്‍റ് സ്ഥാനം കൈയ്യാളുന്നത്.
തനിക്കും ഭരണകൂടത്തിനുമെതിരേ ശബ്ദിച്ചവരെയെല്ലാം ഉന്മൂലനംചെയ്തുകൊണ്ടാണ് പുതിന്‍ അധികാരത്തിൽ തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പുതിന്റെ പ്രധാന രാഷ്ടീയ എതിരാളിയായിരുന്ന അലക്‌സി നവല്‍നിയുടെ ദുരൂഹമരണം. മറ്റ് പ്രധാന വിമര്‍ശകരെല്ലാം നാടുകടത്തപ്പെടുകയോ തടങ്കലിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
റഷ്യയുടെ ചരിത്രത്തിലെ ആദ്യ ത്രിദിന വോട്ടെടുപ്പായിരുന്നു ഇത്തവണത്തേത്. വിദൂര ഓണ്‍ലൈന്‍ വോട്ടിങ് സമ്പ്രദായം ആദ്യമായി ഏര്‍പ്പെടുത്തിയെന്ന സവിശേഷതയുമുണ്ടായിരുന്നു. 11.4 കോടി വോട്ടര്‍മാരാണ് റഷ്യയിലുള്ളത്. 19 ലക്ഷം പേര്‍ വിദേശത്താണ്. അവര്‍ക്കായി ഇന്ത്യയുള്‍പ്പെടെ അതതുരാജ്യങ്ങളിലെ നയതന്ത്ര സ്ഥാപനങ്ങളില്‍ പോളിങ് ബൂത്തുകള്‍ സ്ഥാപിച്ചിരുന്നു.
യുക്രൈന്റെയും യു.എസ്. ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ച് 2014-ല്‍ പിടിച്ചെടുത്ത ക്രൈമിയയിലും 2022-ല്‍ ആരംഭിച്ച അധിനിവേശത്തിലൂടെ പിടിച്ചെടുത്ത യുക്രൈന്‍ പ്രവിശ്യകളിലും റഷ്യ തിരഞ്ഞെടുപ്പ് നടത്തി. ഇതില്‍ പലതും റഷ്യന്‍ സൈന്യത്തിന്റെ ഭാഗിക നിയന്ത്രണത്തിലുള്ളതോ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതോ ആയ പ്രദേശങ്ങളാണ്. യുക്രൈനിലെ അധിനിവേശം സംബന്ധിച്ച ഹിതപരിശോധനയാകുമെന്ന് വിലയിരുത്തപ്പെട്ട തിരഞ്ഞെടുപ്പില്‍ പുതിന് ലഭിച്ച ഓരോ വോട്ടും യുദ്ധത്തിനുള്ള വോട്ടായിമാറി എന്നതാണ് യാഥാര്‍ഥ്യം.