തിരുവനന്തപുരം: പ്രശസ്ത കവിയും ഭാഷാ ഗവേഷകനുമായ ഡോ. പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതല്‍ രചനകളിലൂടെ അതിന് ദിശാബോധം നല്‍കി. 1942 ആഗസ്റ്റ് 9ന് ക്വിറ്റിന്ത്യ സമരത്തിലൂടെയായിരുന്നു പുതുശേരി രാമചന്ദ്രന്റെ രാഷ്ട്രീയപ്രവേശം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് 1947 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ സ്‌കൂളില്‍ നിന്നു പുറത്താക്കി. അതേ സ്‌ക്കൂളില്‍ 1947 ആഗസ്റ്റ് പതിനഞ്ചിന് അദ്ദേഹം പതാക ഉയര്‍ത്തി.
1948ല്‍ സെപ്തംബറില്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അദ്ദേഹം പിന്നീട് വിദ്യാര്‍ത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലും അംഗമായി. 1953-54 കാലയളവില്‍ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ വള്ളികുന്നം ശൂരനാട് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗ്രാമീണ ഗായകന്‍, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യ സമര കവിതകള്‍, പുതുശേരി കവിതകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കവിതകള്‍.
1999 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2005ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 2008ല്‍ കുമാരനാശാന്‍ അവാര്‍ഡ്, അതേ വര്‍ഷം തന്നെ വള്ളത്തോള്‍ പുരസ്‌കാരം, 2009 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, 2014ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാന്‍, 2015ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.