ഛണ്ഡീഗഡ്: പഞ്ചാബിന്റെ 16ാമത് മുഖ്യമന്ത്രിയായി ചരണ്‍ജീത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യാപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
പഞ്ചാബി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ ഒ പി സോണി, സുഖ്ജീന്ദര്‍ രണ്‍ദാവെ എന്നിവര്‍ ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം ചരണ്‍ജീത് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്ത്, സംസ്ഥാന അദ്ധ്യക്ഷന്‍ നവജോത് സിംഗ് സിദ്ധു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഹരീഷ് റാവത്തുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രണ്‍ചീത് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്.
പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചരണ്‍ജീത്. ചാംകൗണ്‍ നിയോജക മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ വിജയിച്ച അദ്ദേഹം അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. നവജോത് സിംഗ് സിദ്ധുവിന്റെ അടുപ്പക്കാരന്‍ കൂടിയാണ് ചരണ്‍ചീത് സിംഗ് ചന്നി.
ഇന്നെലായണ് പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ചരണ്‍ജീതിനെ തെരഞ്ഞെടുത്തത്. സിദ്ധുവിന്റെ അടുപ്പക്കാരനായ ചരണ്‍ജീത് മുഖ്യമന്ത്രിയാകുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് അമരീന്ദര്‍ പക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ചരണ്‍ജീതിനെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു.