പുല്‍പ്പള്ളി: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പുൽപ്പള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പാക്കത്ത് സ്വവസതിയിൽ പൊതുദർശനത്തിനുവെച്ച ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ.
അതിവൈകാരിക നിമിഷങ്ങൾക്കാണ് പാക്കത്തെ പോളിന്റെ വീട് സാക്ഷ്യം വഹിച്ചത്. മൃതദേഹത്തിനരികെ ഉറ്റവർ വിങ്ങിപ്പൊട്ടുമ്പോൾ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ ചേർന്നു നിൽക്കാനെ കൂടി നിന്നവർക്കായുള്ളൂ.
പോളിന്റെ മരണത്തോടെ വയനാട് വൻതോതിൽ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരാഴ്ചക്കിടെ രണ്ടുപേരുടെ ജീവനുകളാണ് വന്യമൃഗ ആക്രമണത്തിൽ വയനാട്ടിൽ പൊലിയുന്നത്. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവന് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുകയായിരുന്നു. തുടർന്ന് സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട സുരക്ഷയും മറ്റും ഉറപ്പുനൽകിയതിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ഏറെ നേരം ആംബുലൻസിൽ നിന്ന് പുറത്തിറക്കാതെ കുടുംബക്കാരും ജനങ്ങളും പ്രതിഷേധിച്ചു. തുടർന്ന് എ.ഡി.എം. സ്ഥലത്തെത്തി സർക്കാരിന്റെ തീരുമാനങ്ങൾ അറിയിച്ചതിനു പിന്നാലെയാണ് മൃതദേഹം പൊതുദർശനത്തിനായി വീട്ടിൽ വെച്ചത്. പോളിന്റെ കുടുംബത്തിന് ധനസഹായമായി പത്തുലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. ആവശ്യമായ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.