പാരീസ്: സൂപ്പർ താരം ലയണൽ മെസിക്കെതിരെ പാരീസ് സെയ്‌ന്റ് ജർമ്മൻ ക്ലബ് നടപടിയെടുത്തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടിയെടുത്തത്. രണ്ടാഴ്ചത്തേക്ക് ക്ലബിൽ നിന്ന് മെസിയെ സസ്പെന്റ് ചെയ്തു. സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിനും താരത്തിന് അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി.
സസ്പെൻഷൻ കാലത്ത് മെസിക്ക് ക്ലബിൽ നിന്ന് പ്രതിഫലവും ലഭിക്കില്ല. സൗദിയിൽ പോകാൻ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതർ നിഷേധിച്ചിരുന്നു. സൗദി ടൂറിസത്തിന്‍റെ അംബാസിഡാണ് മെസി. അനുമതിയില്ലാതെ അംബാസിഡർ ആയതിന് പിഴയും മെസി നൽകണം. പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്പെൻഷൻ നടപടി.
ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. നിലവിൽ 33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമതാണ് പിഎസ്‌ജി. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങൾ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് മെസി സൗദി സന്ദർശിച്ചത്.