പാരീസ്: ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് വീണ്ടും സമനില കുരുക്ക്. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നെയ്മറും എല്ലാം അണിനിരന്നിട്ടും ലീഗിലെ പതിനൊന്നാം സ്ഥാനക്കാരായ റീംസിനെതിരെ പി എസ് ജിയ സമനില വഴങ്ങി. ഗോള്‍ഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്മറുടെ ഗോളില്‍ മുന്നിലെത്തിയ പി എസ് ജിയെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്ലോറൈന്‍ ബോലോഗണിന്‍റെ ഗോളിലാണ് റീംസ് സമനിലയില്‍ തളച്ചത്. ഈ സീസണില്‍ ആഴ്സണലില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ റീംസിലെത്തിയ താരമാണ് ഫ്ലോറൈന്‍ ബോലോഗണ്‍.
രണ്ടാം പകുതിയില്‍ നെയ്മറുടെ ഗോളിന് പിന്നാലെ മാര്‍ക്കൊ വെറാറ്റി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്തു പേരുമായാണ് പി എസ് ജി മത്സരം പൂര്‍ത്തിയാക്കിയത്. സീസണില്‍ ഇത് രണ്ടാം തവണയാണ് പി എസ് ജി റീംസിനോട് സമനില വഴങ്ങുന്നത്.
മത്സത്തില്‍ ഭൂരിഭാഗം സമയവും മുന്നിട്ടു നിന്നിട്ടും പരിചയസമ്പന്നരായ ഇത്രേയേറെ താരങ്ങളുണ്ടായിട്ടും 95-ാം മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങേണ്ടിവന്നത് നിരാശയാണെന്ന് കോച്ച് ക്രിസ്റ്റഫര്‍ ഗാട്‌ലിയര്‍ പറഞ്ഞു. പോയന്‍റ് നഷ്ടമായതിനൊപ്പം ടീമിന്‍റെ ആത്മവിശ്വാസത്തെയും ബാധിക്കുന്ന പ്രകടനമാണിതെന്ന് ഗാട്‌ലിയര്‍ പറഞ്ഞു.
സമനില വഴങ്ങിയെങ്കിലും രണ്ടാം സ്ഥാനത്തുള്ള ലെന്‍സിനെക്കാള്‍ മൂന്ന് പോയന്‍റ് മുന്നില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പി എസ് ജിക്കായി. രണ്ടാംഴ്ചക്കുശേഷം ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടേണ്ട പി എസ് ജിയുടെ ആത്മവിശ്വാസം ചോര്‍ത്തുന്ന പ്രകടനങ്ങളാണ് സമീപകാലത്ത് ക്ലബ്ബ് പുറത്തെടുക്കുന്നത്.
ലോകകപ്പിനുശേഷം ആദ്യമായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ മെസി, എംബാപ്പെ, നെയ്മര്‍ എന്നിവരെ അണിനിരത്തി 4-2-4 ഫോര്‍മേഷനിലാണ് ക്രിസ്റ്റഫര്‍ ഗാട്‌ലിയര്‍ ടീമിനെ ഇറക്കിയത്. എന്നാല്‍ പ്രമുഖ താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ റീംസിനായി. കഴിഞ്ഞ നാലു മത്സരങ്ങളില്‍ മൂന്നിലും സമനിലയോ തോല്‍വിയോ വഴങ്ങേണ്ടി വന്നുവെന്നത് പി എസ് ജിയ ആരാധകരെ നിരാശരാക്കി.