KeralaNews

ആ കരച്ചില്‍ സെറ്റിട്ടതോ?ലയ തുറന്നു പറയുന്നു

തിരുവനന്തപുരം: അനധികൃത നിയമനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ ജോലി ലഭിക്കാത്തതിന്റ വിഷമത്തില്‍ കരഞ്ഞത് നാടകമോ തട്ടിപ്പോ ആയിരുന്നില്ലെന്ന് സൈബര്‍ ആക്രമണത്തിനിരയായ ഉദ്യോഗാര്‍ത്ഥി ലയ. ജോലിയില്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണ്. നാട്ടിലെ സിപിഎമ്മുകാര്‍ക്ക് തന്റെ ജീവിത സാഹചര്യം അറിയാമെന്ന് ലയ പറഞ്ഞു. നാടകം കളിക്കാന്‍ തൃശ്ശൂരില്‍ നിന്ന് തലസ്ഥാനത്ത് വരേണ്ടതില്ലല്ലോ. ഉദ്യോഗാര്‍ത്ഥികളുടെ സമരം വിജയം വരെ തുടരുമെന്നും ലയ രാജേഷ് പറഞ്ഞു.

സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ് ഉദ്യോഗാര്‍ത്ഥി ലയയുടെ ചിത്രം ഉള്‍പ്പെടുത്തി വന്‍ സൈബര്‍ ആക്രമണമാണ് നടന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാശ്രമത്തിനു പിന്നാലെ സമരവേദിയില്‍ സംസാരിച്ചശേഷമാണ് വേദിയ്ക്കരുകില്‍ മാറിനിന്നു ലയ സുഹൃത്തിനെ ചേര്‍ത്തു നിര്‍ത്തി കരഞ്ഞത്. നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ ഏറ്റു പിടിച്ചു. പ്രതിപക്ഷനേതാവ് സ്വന്തം പേജില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചു. ലയ എന്ന ഉദ്യോഗാര്‍ഥിയുടെ പ്രസംഗം സര്‍ക്കാറിനേയും അധികാര കേന്ദ്രങ്ങളേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു.

ലയയുടെ വാക്കുകളിങ്ങനെ:

പിഎസ്‌സി ലിസ്റ്റിന്റെ ശോചനീയാവസ്ഥ ഞങ്ങള്‍ അറിയിക്കാത്ത മന്ത്രിമാരില്ല, എംഎല്‍എമാരില്ല. എന്നിട്ടും ആരും ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. ഞങ്ങള്‍ക്കിത് ഒരു രാഷ്ട്രീയ പോരാട്ടം അല്ല. ജീവന്‍ വച്ചിട്ടുള്ള പോരാട്ടമാണ്. ജീവിതത്തിന്റെ അറ്റം കണ്ടുകഴിഞ്ഞു. ഞങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നിട്ട് ഇവിടെ വന്ന് സമരം ചെയ്യുന്നത് ജോലിക്ക് വേണ്ടിയിട്ടാണ്. പല ജില്ലകളില്‍ നിന്ന് വന്നിട്ട് റോഡിലിരുന്നും ശയനപ്രദക്ഷിണം നടത്തിയും മരിക്കാന്‍ വരെ തയ്യാറായാണ് നില്‍ക്കുന്നത്. ഞങ്ങള്‍ പ്രതിഷേധിക്കുന്നതില്‍ ആണ് പലര്‍ക്കും വിഷമം. ഏത് സര്‍ക്കാര്‍ ആണെങ്കിലും ഞങ്ങള്‍ സമരം ചെയ്യും. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എന്തിന് പാര്‍ട്ടി സെക്രട്ടറിയുടെ വരെ കാല് പിടിക്കണം. ഇനി കൂലിപ്പണിക്ക് പോകേണ്ടിവന്നാലും ഇനിയൊരു പരീക്ഷ ഞാനെഴുതില്ല. അത്രയ്ക്ക് മടുത്തു. മാധ്യമങ്ങള്‍ മറ്റൊരു വാര്‍ത്ത കിട്ടിയാല്‍ അതിന് പിന്നാലെ പോകും.

എന്നിട്ടും ഞങ്ങളുെട മനോവിഷമം കണ്ടില്ലെന്ന് നടിച്ച് നില്‍ക്കുന്നവരെ ഇതില്‍പരം എന്താണ് പറഞ്ഞ് മനസിലാക്കേണ്ടത്. നിങ്ങളോരോരുത്തരും മനുഷ്യരല്ലേ… ഒരു റാങ്ക് ലിസ്റ്റില്‍ വന്നാല്‍ ജോലി കിട്ടിയെന്ന് പ്രതീക്ഷിക്കുന്നവരാണ് നമ്മുടെ നാട്ടുകാര്‍.2000 പേരുള്ള റാങ്ക് ലിസ്റ്റില്‍ പകുതിപ്പേര്‍ക്ക് പോലും ജോലി നല്‍കാനാകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഞങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയമുള്ളവരാണ്.പക്ഷേ ഞങ്ങള്‍ക്കെല്ലാം വേണ്ടത് ജോലിയാണ്. ഞങ്ങളുടെ പ്രതീക്ഷയും ലക്ഷ്യവുമെല്ലാം അതാണ്.ലയ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker