നൂറിലധികം തസ്തികകളില്‍ പി.എസ്.സി അപേക്ഷ ക്ഷണിയ്ക്കുന്നു,പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള നൂറുകണക്കിന് ഒഴിവുകള്‍ സര്‍ക്കാര്‍ മേഖലയില്‍
തിരുവനന്തപുരം സര്‍ക്കാര്‍ ഉദ്യോഗം ലക്ഷ്യംവെച്ച് തീവ്രപരിശീലനം നടത്തിവരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത.സംസ്ഥാന സര്‍ക്കാരിന്റെ നൂറോളം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പിഎസ്സി വിജ്ഞാപനം ഉടന്‍ വരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സര്‍വകലാശാലകളിലെ അനധ്യാപക തസ്തികകള്‍, വിവിധ വിഷയങ്ങള്‍ക്കുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുതുവര്‍ഷത്തിലുണ്ടാകും. 10, പ്ലസ്ടു, ബിരുദ യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള 3 പൊതുപരീക്ഷകളും ഈ വര്‍ഷം നടക്കും. എല്‍ഡിസി ഉള്‍പ്പെടെ സുപ്രധാന തസ്തികകളിലേക്കു നിയമനപ്പരീക്ഷയും നടത്തും.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മത്സര പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി കൂടുതല്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ തുറക്കുകയാണു പിഎസ്സി. കോട്ടയം, പാലക്കാട് കേന്ദ്രങ്ങള്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും; തൃശൂര്‍, കണ്ണൂര്‍ കേന്ദ്രങ്ങള്‍ പിന്നാലെ. കൂടുതല്‍ പരീക്ഷകള്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ രീതിയിലേക്കു മാറും. 3000 പേര്‍ക്കുകൂടി ഓണ്‍ലൈന്‍ പരീക്ഷയെഴുതാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണു ലക്ഷ്യമെന്നു പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ അറിയിച്ചു.
വിവിധ വകുപ്പുകളില്‍ പിഎസ്സിക്കു നിയമനച്ചുമതല നല്‍കിയ തസ്തികകളുടെ സ്‌പെഷല്‍ റൂളില്‍ ഒട്ടേറെ അപാകതകള്‍ ഉണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ചു കഴിഞ്ഞു. സര്‍വകലാശാലകളിലെ അനധ്യാപക നിയമനത്തിന്റെ സ്‌പെഷല്‍ റൂളും ആയി. 13 സര്‍വകലാശാലകളിലെ അനധ്യാപക നിയമനത്തിനുള്ള വിജ്ഞാപനം ഈ മാസം ഇറക്കുമെന്നു പിഎസ്സി ചെയര്‍മാന്‍ അറിയിച്ചു. സര്‍വകലാശാലകളിലെ പത്തിലേറെ തസ്തികകളിലേക്കു കൂടിയാണു നിയമനം നടത്തേണ്ടത്.
പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പൊതുപരീക്ഷ ഫെബ്രുവരിയില്‍ നടത്താന്‍ പിഎസ്സി തയാറാണെങ്കിലും വിവിധ വകുപ്പുകളുടെ സഹായമില്ലാതെ പറ്റില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇതു നടത്തുകയെന്നതാണു പിഎസ്‌സിക്കു മുന്നിലുള്ള വെല്ലുവിളി. 15 ലക്ഷത്തിലേറെ അപേക്ഷകരുള്ള ഈ പരീക്ഷ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക സര്‍ക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും. കോവിഡ് പശ്ചാത്തലത്തില്‍ വിപുലമായ സുരക്ഷാ ഒരുക്കങ്ങളും വേണ്ടിവരും. പ്ലസ്ടു, ബിരുദതല പൊതുപരീക്ഷകളും പിന്നാലെയുണ്ടാകും.
കഴിഞ്ഞ വര്‍ഷം 372 വിജ്ഞാപനങ്ങളാണു പിഎസ്സി ഇറക്കിയത്. ഇതില്‍ 52 തസ്തികകളിലേക്കു നിലവില്‍ അപേക്ഷ സ്വീകരിച്ചുവരുന്നു. കോവിഡ് ഭീഷണിയുണ്ടെങ്കിലും ഭൂരിപക്ഷം തസ്തികകളുടെയും പരീക്ഷ ഈ വര്‍ഷം നടക്കുമെന്നാണു പ്രതീക്ഷയെന്നും പി.എസ്.സി ചെയര്‍മാന്‍ വ്യക്തമാക്കുന്നു.