KeralaNews

സാമ്പത്തിക പ്രതിസന്ധി കാലത്തും ലോട്ടറി അടിച്ചു പി എസ് സി; ചെയർമാന്റെയും അംഗങ്ങളുടെയുംശമ്പളവും പെന്‍ഷനും കുത്തനെ കൂട്ടി, ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യം ശമ്പളം

തിരുവനന്തപുരം: പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ക്കും വലിയതോതില്‍ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ മന്ത്രിസ അംഗീകരിച്ചു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാനാണ് തീരുമാനിച്ചത്.

ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം. വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കും.

സര്‍ക്കാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാല്‍ ഈ ശുപാര്‍ശ പലതവണ പരിഗണിക്കാതെ മാറ്റി വച്ചതാണ്. നിലവില്‍ അടിസ്ഥാനശമ്പളത്തോടൊപ്പം ആനുകൂല്യങ്ങള്‍കൂടി ചേര്‍ത്താല്‍ ചെയര്‍മാന് 2.24 ലക്ഷവും അംഗങ്ങള്‍ക്ക് 2.19 ലക്ഷവുമാണ് പ്രതിമാസശമ്പളം. പുതിയ ശുപാര്‍ശയില്‍ ചെയര്‍മാന്‍ ആനുകൂല്യങ്ങളടക്കം നാലുലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും ശമ്പളമായി ലഭിക്കും.

സമാനമായി പെന്‍ഷനിലും വര്‍ധനയുണ്ട്. നിലവില്‍ ചെയര്‍മാന് ലഭിക്കുന്ന പെന്‍ഷനായ 1.25 ലക്ഷം രൂപ 2.5 ലക്ഷവും അംഗങ്ങള്‍ക്കുള്ള 1.20 ലക്ഷം 2.25 ലക്ഷവും ആക്കണമെന്നായിരുന്നു ശുപാര്‍ശ. ഇതും അതുപോലെ മന്ത്രിസഭ അംഗീകരിച്ചോ എന്ന് വ്യക്തമല്ല. ഉത്തരവ് വന്നാലെ വ്യക്തമാകൂ. പരിഷ്‌കരിക്കുന്ന ശമ്പളത്തിന് 2016 മുതല്‍ പ്രാബല്യം നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ക്കും ഏകീകരിച്ച ശമ്പളം നല്‍കി ഡി.എ. ഒഴിവാക്കണമെന്ന് ധനവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രനിരക്കില്‍ ജില്ലാ ജഡ്ജിമാര്‍ക്ക് ശമ്പളത്തോടൊപ്പം ഡി.എ.യും നല്‍കുന്നതുപോലെ പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ക്കും നല്‍കാവുന്നതാണെന്ന 2007-ലെ സര്‍ക്കാര്‍ ഉത്തരവ് ബാധകമാക്കാവുന്നതാണെന്ന മറുവാദവും ഫയലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളില്‍ എല്ലാം സര്‍ക്കാര്‍ നിലപാട് അറിയാന്‍ വിശദ ഉത്തരവ് പുറത്തിറങ്ങേണ്ടിവരും.

ഡി.എ. ഉള്‍പ്പെടെ നല്‍കിയാല്‍ പ്രതിവര്‍ഷം നാലുകോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് കണക്കാക്കുന്നത്. പി.എസ്.സി. ചെയര്‍മാനും അംഗങ്ങളും ഭരണഘടനാപദവി വഹിക്കുന്നവരായതിനാല്‍ കേന്ദ്രസര്‍ക്കാരില്‍ സമാന തസ്തികയുമായി ചേര്‍ന്നുപോകുന്നതാകണം ശമ്പളവും ആനുകൂല്യങ്ങളുമെന്നതാണ് ശമ്പളവര്‍ധനയ്ക്കുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, യു.പി.എസ്.സി.യില്‍ ഒമ്പത് അംഗങ്ങളുള്ളപ്പോള്‍ കേരള പി.എസ്.സി.യില്‍ 21 പേരുണ്ട്.

പി.എസ്.സി. അംഗങ്ങള്‍ രാഷ്ട്രീയാടിസ്ഥാനത്തിലാണ് നിയമിക്കപ്പെടുന്നതും. അറ്റന്‍ഡര്‍ മുതല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുവരെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന പി.എസ്.സി. അംഗങ്ങളാകാന്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതയൊന്നും നിഷ്‌കര്‍ഷിക്കുന്നുമില്ല. ഇതെല്ലാം വിവിധ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി കളഞ്ഞാണ് ശമ്പളവും പെന്‍ഷനും കൂട്ടുന്നത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ

ദര്‍ഘാസ് അംഗീകരിച്ചു

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട്-വലിയതുറ റോഡ്, ഭീമാപ്പള്ളി-വലിയതുറ റോഡ് , വലിയതുറ -എയര്‍ പോര്‍ട്ട് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തിക്കായുള്ള 8,30,41,042.53 രൂപയുടെ ദര്‍ഘാസ് അംഗീകരിച്ചു.

‘supply, laying, testing and commissioning of 200mm DI K9 Clear Water Pumping Main from WTP to 5.5 LL OHSR at Vettichankunnu under JJM WSS to Aryanadu and Uzhamalakkal panchayaths.’ എന്ന പ്രവൃത്തിയ്ക്ക് 3,44,10,871.65 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

കണ്ണൂര്‍ ജില്ലയില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പേരാവൂര്‍ മുഴക്കുന്ന്, അയ്യന്‍കുന്ന് ജലവിതരണ പദ്ധതിയുടെ പാക്കേജ് III ല്‍ ഉള്‍പ്പെട്ട ഉന്നതതല സംഭരണി, ഗ്രാവിറ്റി മെയിന്‍, പൈപ്പ് ലൈന്‍ പ്രവൃത്തിക്കുള്ള കരാര്‍ അംഗീകരിക്കുന്നതിനുള്ള അനുമതി കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്ക് നല്‍കി.

ശമ്പള പരിഷ്‌ക്കരണം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം.

വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കും.

ആശാ തോമസ് കെ – റെറ ചെയര്‍പേഴ്‌സണ്‍

കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍പേഴ്‌സണായി ഡോ. ആശാ തോമസ് ഐ എ എസിനെ നിയമിക്കും.

മലപ്പുറം കൊണ്ടോട്ടി താലൂക്കില്‍ പുറമ്പോക്കില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്ന 23 കൈവശക്കാര്‍ക്ക് ഭൂമിയിലെ ധാതുകളുടെ പൂര്‍ണമായ അവകാശം സര്‍ക്കാരിനായിരിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടയം നല്‍കും.

കേരള സ്റ്റേറ്റ് ടെക്‌സ്റ്റെയില്‍ കോര്‍പ്പറേഷന്റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്‌സ്റ്റെയില്‍സിനും പ്രഭുറാം മില്ലിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കടമെടുത്ത 180 ലക്ഷം പ്രവര്‍ത്തന മൂലധന വായ്പയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലയളവ് 01/01/2025 മുതല്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി നല്‍കും.

മത്സ്യബന്ധന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിക്ക് ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് ഏറണാകുളം പുതുവൈപ്പ് വില്ലേജില്‍ ഏക്കര്‍ ഒന്നിന് 1000 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ ഭൂമി നല്‍കും.

സാധൂകരിച്ചു

എക്‌സൈസ് വകുപ്പിലെ എന്‍ട്രി കേഡറിലെ ഡ്രൈവര്‍ തസ്തിക പുനര്‍നാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker