കോഴിക്കോട്: കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി. അധികൃതര്‍ സ്ഥലത്ത് എത്താത മരിച്ച കര്‍ഷകന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലന്‍സ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. കൂടുതല്‍ പൊലീസും സ്ഥലത്തെത്തി.
കളക്ടര്‍ മെഡിക്കല്‍ കോളേജില്‍ ഉടൻ എത്തണം, കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ജില്ലാ കളക്ടര്‍ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. രണ്ടു ദിവസമായി കക്കയം മേഖലയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി കാട്ടുപോത്ത് ഇറങ്ങിയിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം. കര്‍ഷകൻ കൊല്ലപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് എസിപി എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെയായിരിക്കും പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുക. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നാളെ ശക്തമായ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകൻ മരിച്ചു. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്.
കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് എബ്രഹാം മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെയും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.