അയാളെ ഇങ്ങനെ കല്ലെറിയരുത്, അത് പൊറുക്കാനാകാത്ത തെറ്റ്’; കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിർമ്മാതാവ്
കൊച്ചി:പദ്മിനി’ ചിത്രവുമായി ബന്ധപ്പെട്ട് നടൻ കുഞ്ചാക്കോ ബോബനെതിരെ ആരോപണം നിലനിൽക്കെ നായകന് പിന്തുണയുമായി നിർമ്മാതാവ് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമ്മാതാവാണ് ഹൗളി പോട്ടൂർ. കുഞ്ചാക്കോ ബോബൻ നായകനായ ‘ഭയ്യ ഭയ്യ’ എന്ന ചിത്രം പരാജയപ്പെട്ടപ്പോൾ ആകെ കൂടെയുണ്ടായിരുന്നത് ചാക്കോച്ചനായിരുന്നു എന്നും അദ്ദേഹത്തെ ഇങ്ങനെ കല്ലെറിയരുതെന്നും ഹൗളി പോട്ടൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവിന്റെ പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് ഹൗളി പോട്ടൂരിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.
ഹൗളി പോട്ടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്’, എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമ്മാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം ‘ഭയ്യാ ഭയ്യാ’. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമ്മാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.
അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്. “ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്.
നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം”. അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും
25 ദിവസത്തെ ഷൂട്ടിന് രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സഹകരിക്കാതെ സുഹൃത്തുക്കളോടൊപ്പം യൂറോപ്പിൽ ഉല്ലസിക്കുകയായിരുന്നു എന്നാണ് നിർമ്മാതാവായ സുവിൻ കെ വർക്കി അരോപിച്ചത്. സുവിന്റെ സോഷ്യൽ മീഡിയ കുറിപ്പ് വലിയ രീതിയിൽ പ്രചാരം നേടിയിരുന്നു. എന്നാൽ ഈ സംഭവത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.