പ്രിയാമണിയുടെ ആ പെരുമാറ്റം ഏറെ വിഷമിപ്പിച്ചു, നായികയെ കിട്ടാൻ മിമിക്രിക്കാർ ബുദ്ധിമുട്ടിയിട്ടുണ്ട്: ടിനി
കൊച്ചി:കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ടിനി ടോം. മിമിക്രി വേദികളിൽ നിന്നാണ് ടിനി സിനിമയിലേക്ക് എത്തുന്നത്. ചെറിയ വേഷങ്ങളിൽ തുടങ്ങിയ നടനിന്ന് നായക വേഷങ്ങൾ ഉൾപ്പെടെ അവതരിപ്പിച്ച് സജീവമായി നിൽക്കുകയാണ്. സിനിമകളിൽ എല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് ടിനി ടോം എത്തുന്നത്.
എന്നാൽ മറ്റു കലാകാരന്മാരെയും പോലെ തുടക്കകാലത്ത് ചില മോശം അനുഭവങ്ങൾ ടിനി ടോമിനും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ ടിനി ടോം അതിനെ കുറിച്ച് സംസാരിച്ചിരുന്നു. താൻ നായകനായ ഒരു ചിത്രത്തിൽ നിന്ന് നടി പ്രിയാമണി പിന്മാറിയതിനെ കുറിച്ചാണ് നടൻ പറഞ്ഞത്.
ഒരിക്കൽ പ്രിയാമണി ഷോയിൽ അതിഥി ആയി എത്തിയപ്പോൾ ടിനി വീഡിയോയിൽ വന്ന് ഇത് സംബന്ധിച്ച ചോദ്യം ചോദിച്ചിരുന്നു. പിന്നീട് ടിനി ഷോയിൽ എത്തിയപ്പോൾ അവതാരകൻ ജോൺ ബ്രിട്ടാസ് വീണ്ടും ആ എപ്പിസോഡ് ടിനിയെ കാണിക്കുകയായിരുന്നു. പ്രിയാമണിയെ കുറിച്ച് പറയുമ്പോൾ ടിനിയുടെ ഇട നെഞ്ച് വേദനിക്കും എന്ന് പറഞ്ഞാണ് ബ്രിട്ടാസ് വീഡിയോ കാണിച്ചത്.
ടിനി നായകനായ ഓടും രാജ ആടും റാണി എന്ന ചിത്രത്തിൽ നിന്ന് അവസാന നിമിഷം പ്രിയാമണി ഈ സിനിമയിൽ നിന്ന് പിൻമാറിയതിനെ കുറിച്ചായിരുന്നു ടിനി അന്ന് പറഞ്ഞത്. പ്രിയാമണിക്ക് കഥ ഇഷ്ടപ്പെട്ടു. പ്രിയാമണി പറഞ്ഞത് പ്രകാരം അഡ്വാൻസ് തുകയുമായി അവർ ബാംഗ്ലൂരിൽ ചെന്നു. രണ്ട് മണിക്കൂർ കാത്തിരിക്കണമെന്ന് പ്രിയാമണി പറഞ്ഞു.
രണ്ട് മണിക്കൂർ കഴിഞ്ഞ് ടിനിയുടെ നായികയാവാൻ തനിക്ക് താത്പര്യമില്ലെന്ന മെസേജാണ് അയച്ചത്. അങ്ങനെ ചെയ്ത പ്രിയാമണിക്ക് സിനിമ തെരഞ്ഞെടുക്കുന്നതിൽ പ്രിയാമണിയുടെ മാനദണ്ഡം എന്താണ് എന്നറിയാൻ താൽപര്യമുണ്ട് എന്നായിരുന്നു ടിനി ടോം ചോദിച്ചത്. പ്രിയാമണി അപ്പോൾ തന്നെ മറുപടിയും നൽകിയിരുന്നു.
ടിനിയാണ് ഹീറോ എന്ന് പറഞ്ഞപ്പോൾ അമ്മയും അച്ഛനും മാനേജരും ഒക്കെയായി ഇക്കാര്യം ചർച്ച ചെയ്തു. അപ്പോഴുള്ള താരങ്ങളെ താരമത്യം ചെയ്യുമ്പോൾ അദ്ദേഹം ആ ലെവലിൽ ആയിരുന്നില്ല. ടിനിയുമായി സിനിമ ചെയ്താൽ നാളെ വിമർശനങ്ങൾ വരിക എനിക്കാണ് എന്ന് ഞാൻ തുറന്നു പറഞ്ഞു.
മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങളുടെ കൂടി അഭിനയിച്ച നടി ആ ലീഗിലില്ലാത്ത ടിനിയുടെ കൂടെ അഭിനയിച്ചു എന്ന തരത്തിൽ മാധ്യമങ്ങൾ സംസാരിക്കുമെന്ന് അറിയാമായിരുന്നു. ആ സാഹചര്യത്തിൽ ഈ സിനിമ ചെയ്യേണ്ടതുണ്ടോ എന്ന് തോന്നി. സിനിമ ഹിറ്റായില്ലെങ്കിൽ എനിക്കാണ് തിരിച്ചടി. അതുകൊണ്ടാണ് ആ സിനിമ വേണ്ടെന്ന് വെച്ചതാണ് എന്നാണ് പ്രിയാമണി പറഞ്ഞു.
വീഡിയോ കാണിച്ച ശേഷം പ്രിയാമണിയുടെ ആ പെരുമാറ്റം വേദനിപ്പിച്ചിരുന്നു അതാണ് ആ അവസരത്തിൽ അങ്ങനെ ചോദിച്ചത് എന്നാണ് ടിനി പറഞ്ഞത്. നമ്മളെ ആദ്യം അംഗീകരിക്കുകയും പിന്നീട് ആരോ പറയുന്നതിന്റെ പേരിൽ തഴയുകയും ചെയ്തതാണ് കൂടുതൽ വിഷമിപ്പിച്ചത്. നമ്മുക്ക് നമ്മുടെ കഴിവിൽ വിശ്വാസമുണ്ട്. അതിനെ താഴ്ത്തി കാണുമ്പോൾ അതിന്റെ മാനദണ്ഡമാണ് ഞാൻ ചോദിച്ചത്.
സുരാജിനെ തള്ളിയ ശേഷമാണ് സുരാജിന് നാഷണൽ അവാർഡ് കിട്ടുന്നത്. മിമിക്രി കലാകാരൻമാർ പലരും ഇത് നേരിട്ടിട്ടുണ്ട്. മലയാള സിനിമയിൽ വർണവിവേചനം ഉണ്ടെന്നാണ് തോന്നുന്നത് കാരണം. ഒരുപാട് അനുഭവസ്ഥർ ഉണ്ട് എന്നും ടിനി പറഞ്ഞു. വ്യക്തിയെ നോക്കാതെ കഥാപാത്രം നോക്കി തനിക്കൊപ്പം അഭിനയിച്ച നടിമാർ വേറെയുണ്ടെന്നും ടിനി കൂട്ടിച്ചേർത്തു.
അതേസമയം, ഇതിലൊന്നും കാര്യമില്ല. നമ്മുക്ക് വരാനുള്ളത് നമ്മുക്ക് വരിക തന്നെ ചെയ്യുമെന്നാണ് ടിനിക്ക് ഒപ്പമുണ്ടായിരുന്ന കലാഭവൻ ഷാജോൺ പറഞ്ഞത്. ടിനിയെ അണിയറപ്രവർത്തകർ ആ മെസേജ് കാണിച്ചത് കൊണ്ടാണ് ടിനിക്ക് ഇത്രയധികം വിഷമം ആയതെന്നും ഷാജോൺ പറഞ്ഞു.