തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒമ്പത് മുതല്‍ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് വ്യവസായം തകരുന്നുവെന്നും ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉടമകളുടെ സംഘടന അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഗതാഗതമന്ത്രിക്ക് ബസുടമകള്‍ നോട്ടീസ് നല്‍കി.
ഡീസല്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് 2018 മാര്‍ച്ച് മാസത്തിലാണ്. അന്ന് ഒരു ലിറ്റര്‍ ഡീസലിന്റെ വില 66 രൂപ മാത്രമായിരുന്നു. ഇന്ന് ഡീസല്‍ വില 103ലെത്തി.
കൊവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ മിനിമം യാത്രാ നിരക്ക് ആറ് രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു.