കൊട്ട മധു ഒടുവിൽ ബ്രേക്ക് എടുത്തു’; തുര്‍ക്കിയില്‍ നിന്നുള്ള അവധിയാഘോഷ ചിത്രങ്ങളുമായി സുപ്രിയ
കൊച്ചി:മലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും തങ്ങളുടെ ചെറിയ ചെറിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുപ്രിയ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെ മകൾ അലംകൃതയും പ്രേക്ഷകർക്ക് സുപരിചിതയാണ്. കാപ്പ എന്ന ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ സിനിമ തിരക്കുകളിൽ നിന്നും ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് പൃഥ്വിരാജ്. ഈ അവസരത്തിൽ സുപ്രിയ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
തുർക്കിയിലാണ് പൃഥ്വിരാജും കുടുംബവും ഇപ്പോഴുള്ളത്. “കൊട്ട മധു തന്റെ തിരക്കേറിയ വർഷത്തിൽ നിന്നും ഒടുവിൽ ഇടവേള എടുക്കുന്നു,”എന്നാണ് പൃഥ്വിരാജിനൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ കുറിച്ചത്. തുർക്കിയിലെ ടോപ്‌കാപി പാലസ് മ്യൂസിയത്തിന് മുന്നിലുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
കടുവ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ചിത്രമാണ് കാപ്പ. കൊട്ട മധു എന്ന കഥാപാത്രമായി പൃഥ്വിരാജ് തകർത്തഭിനയിച്ച ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകൾ നിര്‍മ്മാണ പങ്കാളികളാണ്.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രവും പൃഥ്വിരാജിന്‍റേതായി റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് പക്ഷേ തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ് ഗോള്‍ഡില്‍ നായികയായി എത്തിയത്.