ആലുവ: മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് നാണയം വിഴുങ്ങി മരിച്ച സംഭവത്തില്‍ ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാരോപിച്ച് മാതാവ് നന്ദിനി ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ അനിശ്ചിതകാല സമരമാരംഭിച്ചു. പട്ടികജാതി പട്ടികവര്‍ഗ ഏകോപന സഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പൃഥ്വിരാജ് നീതി ആക്ഷന്‍ കൗണ്‍സിലാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചാവും സമരമെന്ന് പൃഥ്വിരാജിന്റെ ബന്ധുക്കള്‍ പറഞ്ഞു.
ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ നിഷേധിക്കപ്പെട്ട പൃഥ്വിരാജ് കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കുറ്റക്കാരായ ഡോക്ടര്‍മാരെ രക്ഷിക്കാനാണെന്ന് മാതാവ് നന്ദിനി ആരോപിച്ചിരുന്നു. ശ്വാസംമുട്ട് മൂലമാണ് മരിച്ചതെന്ന കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്നാണ് നന്ദിനിയുടെ പരാതി.
കൊല്ലം പൂതകുളം നെല്ലേറ്റില്‍ തോണിപ്പാറ ലക്ഷംവീട് കോളനിയില്‍ നന്ദിനി ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുകയാണ്.