ന്യൂഡല്‍ഹി: നമോ ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. നമോ ആപ്പിലുടെ ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ യുഎസിന് ചോര്‍ത്തിക്കൊടുക്കുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ആപ്പിന്റെ പ്രൈവസി സെറ്റിങ്സില്‍ മാറ്റം വരുത്തിയാണ് അമേരിക്കയിലുള്ള തേഡ് പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.
59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച തീരുമാനം നല്ലതാണ്. എന്നാല്‍ നമോ ആപ്പിലെ 22 ഡാറ്റാ പോയിന്റുകള്‍ വഴി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ യുഎസ് കമ്പനിക്ക് നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചവാന്‍ ട്വിറ്ററില്‍ കുറിച്ചു.
യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ ഇന്നലെയാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിച്ചത്.