ന്യൂഡല്‍ഹി: ലഡാക്ക് കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിമര്‍ശനം. ലഡാക്കിലെ ഇന്ത്യന്‍ ശക്തി ലോകം കണ്ടു. വെട്ടിപ്പിടിക്കല്‍ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദവും വെട്ടിപ്പിടിക്കല്‍ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ രാജ്യം മറുപടി നല്‍കി. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജമ്മു കാഷ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വയംപര്യാപ്തത ഇന്ത്യക്കു മുന്നിലുള്ള വെല്ലിവിളികള്‍ മറികടക്കും. ആ സ്വപ്നം രാജ്യം സാക്ഷാത്കരിക്കും. ആത്മനിര്‍ഭര്‍ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണ്. തദ്ദേശീയ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇന്ത്യ എല്ലാ റിക്കാര്‍ഡുകളും മറികടന്നു. സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.
ലോകമാകെ ഒരു കുടുംബമാണെന്നാണ് ഇന്ത്യ എന്നും വിശ്വാസിച്ചിട്ടുള്ളത്. മാനുഷിക മൂല്യങ്ങള്‍ക്കും അതില്‍ നിര്‍ണായക സ്ഥാനമുണ്ട്. ഒരു കാലത്ത് ഭക്ഷ്യസുരക്ഷ നമുക്ക് ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ മറ്റു രാജ്യങ്ങളിലേക്കും ഭക്ഷണം കയറ്റുമതി ചെയ്യുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയോടൊപ്പം മെയ്ക്ക് ഫോര്‍ വേള്‍ഡും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് സൈബര്‍ സുരക്ഷാ നയം ഉടന്‍ നടപ്പാക്കും. ആറു ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കും. ആയിരം ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതി തയാറാക്കും. 110 കോടി ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പാക്കുക. 7000 പദ്ധതികള്‍ ഇതിന് കീഴില്‍ കണ്ടെത്തി.
രണ്ടു കോടി വീടുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുടിവെള്ളം എത്തിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആത്മനിര്‍ഭറിന് നിരവധി വെല്ലുവിളികള്‍ ഉണ്ടാകുമെന്നും ആഗോള കിടമത്സരത്തില്‍ ഈ വെല്ലുവിളികളെ അംഗീകരിക്കുന്നു. എന്നാല്‍ ലക്ഷം വെല്ലുവിളികള്‍ക്ക് കോടി പരിഹാരങ്ങള്‍ നല്‍കാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.