ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ വിമര്‍ശിച്ചും, പരിഹസിച്ചും നയപ്രഖ്യാപന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. 14-ാം തവണയും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി പറയാന്‍ തനിക്ക് അവസരം നല്‍കിയ ജനങ്ങളോട് നന്ദി പറയുന്നുവെന്ന ആമുഖത്തോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
രാഷ്ട്രപതി അവതരിപ്പിച്ചത് അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. വീണ്ടും തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയേയും കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. ദരിദ്രരുടെ കുടിലുകളില്‍ ഫോട്ടോ സെഷനുകള്‍ നടത്തുന്നവര്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗം ബോറടിപ്പിക്കുമെന്ന് മോദി പറഞ്ഞു. ചില നേതാക്കള്‍ ആഡംബരം നിറഞ്ഞ കുളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍, എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും മോദി അവകാശപ്പെട്ടു.
പത്ത് വര്‍ഷം കൊണ്ട് നാല് കോടിയാളുകള്‍ക്ക് വീട് നല്‍കി. തന്റെ സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ആദായ നികുതി ഭാരത്തില്‍ നിന്ന് മദ്ധ്യവര്‍ഗത്തെ ഒഴിവാക്കി. 25 കോടി ജനങ്ങളെ ദാരിദ്യത്തില്‍ നിന്ന് കരകയറ്റി. സര്‍ക്കാര്‍ പണം ചെലവഴിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ്മാന്‍ ഭാരതിലൂടെ ജനങ്ങള്‍ക്ക് വലിയ നേട്ടമുണ്ടായി. തങ്ങള്‍ വ്യാജ മുദ്രാവാക്യം മുഴക്കാറില്ല. തെറ്റായ മുദ്രാവാക്യങ്ങള്‍ക്ക് പകരം വികസനമാണ് ജനങ്ങള്‍ക്കായി നല്‍കിയത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പണം ചെലവഴിച്ചത്. വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. ചിലര്‍ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയെന്നും മോദി ചോദിച്ചു.
10 വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നാലു കോടി പാവങ്ങള്‍ക്കാണ് വീട് നല്‍കിയത്. 12 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ മാളിക പണിതുവെന്നും അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.
ഒരു രൂപ സര്‍ക്കാരില്‍ നിന്നെടുത്താല്‍ 15 പൈസയായിരുന്നു ഗുണഭോക്താക്കളില്‍ എത്തിയിരുന്നത്. ജനത്തിന്റെ പണം ജനത്തിനാണ്. അതാണ് ഈ സര്‍ക്കാരിന്റെ നയം. അവരുടെ സര്‍ക്കാര്‍ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മോദി ചോദിച്ചു. ഇതിനിടെ അദാനി, അംബാനിക്ക് വേണ്ടിയെന്ന് പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചു. ഇതോടെ സ്പീക്കര്‍ ഇടപെട്ടു.
മറുപടി തടസ്സപ്പെടുത്തുന്നതില്‍ പ്രതിപക്ഷത്തോടെ കയര്‍ത്തു. അവര്‍ക്ക് വലിയ നിരാശയുണ്ടാകുമെന്നും എന്തെങ്കിലും പറഞ്ഞോട്ടെയെന്നും മോദി മറുപടി നല്‍കി. സാങ്കേതിക വിദ്യയിലൂടെ ഈ സര്‍ക്കാരിന്റെ പദ്ധതികളെ സുതാര്യമാക്കി. രാഷ്ട്രീയ നേട്ടത്തിനായല്ല, എല്ലാം ജനത്തിന് വേണ്ടിയാണ് ചെയ്തത്. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയെയും മോദി പുകഴ്ത്തി. പത്ത് വര്‍ഷമായി ഈ സര്‍ക്കാര്‍ അഴിമതി കാണിച്ചുവെന്ന എന്ന വാക്ക് ഒരു മാധ്യമവും എഴുതിയിട്ടില്ല. ഈ സര്‍ക്കാര്‍ പണം ചെലവാക്കിയത് പാവങ്ങള്‍ക്കുവേണ്ടിയാണ്. സ്വര്‍ണ മാളിക പണിയാന്‍ അല്ല.
സര്‍ക്കാര്‍ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചു. ആദായ നികുതി ഭാരത്തില്‍ നിന്ന് മധ്യവര്‍ഗത്തെ ഒഴിവാക്കി.12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി. പത്ത് വര്‍ഷത്തിനിടെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് 12 ലക്ഷമായാണ് ഉയര്‍ത്തിയതെന്നും മോദി പറഞ്ഞു.