Featuredhome bannerHome-bannerNationalNews

പ്രധാനമന്ത്രി ഒഡിഷ ട്രെയിൻ ദുരന്ത സ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കും

ന്യൂഡൽഹി : രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തമുണ്ടായ ഒഡിഷയിലെ ബാലസോർ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാവീഴ്ചയുണ്ടായെന്നാണ് നിഗമനം. മൂന്ന് ട്രെയിനുകളാണ് ബാലസോറിൽ വെച്ച് അപകടത്തിൽപ്പെട്ടത്. രക്ഷാദൗത്യം അന്തിമഘട്ടത്തിലാണെന്നും ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കുമെന്നും റെയിൽവേ വക്താവ് അമിതാഭ് ശർമ്മ അറിയിച്ചു.  

രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ 280 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 238 മരണമാണ് റെയിൽവേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.55 നാണ് രാജ്യത്തെയാകെ നടുക്കിയ അപകടമുണ്ടായത്.

ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. ഈ പാളം തെറ്റിയ ബോഗികളിലേക്ക് 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചു കയറിയ കോറമാണ്ഡൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

എസ്എംവിടി – ഹൗറ എക്സ്പ്രസിലെ ജനറൽ കോച്ചുകളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഈ ട്രെയിനിന്റെ റിസർവ്ഡ് കോച്ചുകളിലുള്ളവർ സുരക്ഷിതരാണെന്ന് സൗത്ത് വെസ്റ്റ് റെയിൽവേ അറിയിച്ചു. തകർന്ന ജനറൽ ബോഗികളും ബ്രെക്ക് വാനും ഉയർത്താൻ ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നും സൗത്ത് വെസ്റ്റ്‌ റെയിൽവേ അറിയിച്ചു.  

റെയിൽവേ മന്ത്രി അശ്വനിവൈഷ്ണവ് അപകടം നടന്ന സ്ഥലത്തുണ്ട്.  അപകടത്തിൽ പെട്ടവർക്ക് എല്ലാ സഹായവും നൽകുമെന്നും എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഇപ്പോൾ മുഴുവൻ ശ്രദ്ധയും രക്ഷാപ്രവർത്തനത്തിലാണ്. ട്രെയിൻ ഗതാഗതം വേഗത്തിൽ പുന:സ്ഥാപിക്കും. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും അശ്വിനി വൈഷ്ണവ് വിശദമാക്കി. 

എന്നാൽ അപകടത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി അടക്കമുള്ള പാർട്ടികൾ റെയിൽവേ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു. ബംഗാൾ  മുഖ്യമന്ത്രി മമത ബാനർജി അൽപ്പസമയത്തിനകം അപകടസ്ഥലത്തെത്തും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker