KeralaNews

പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചു,മാപ്പുപറയണം:എ.എ.റഹീം

തിരുവനന്തപുരം: ‘ദ് കേരള സ്റ്റോറി’ സിനിമയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം. സിനിമയെ പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ വിദ്വേഷ സിനിമയ്ക്കു പിന്നിൽ ആരാണെന്ന് ഏവർക്കും മനസ്സിലായല്ലോയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനായാണ് സിനിമ നിർമിച്ചിരിക്കുന്നത്. രാജ്യത്ത് വിദ്വേഷം പടർത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രിയാണ് അതിനെ ന്യായീകരിക്കുന്നതെന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും റഹീം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

‘ദ് കേരള സ്റ്റോറി’ സിനിമയെ പ്രകീർത്തിച്ചു പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്തുവന്നിരിക്കുന്നു. ഇതോടെ ഈ വിദ്വേഷ സിനിമയ്ക്കു പിന്നിൽ ആരാണെന്ന് ഏവർക്കും മനസ്സിലായല്ലോ?. കേരളത്തെ അപകീർത്തിപ്പെടുത്താനും സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും രാജ്യത്തെ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണ് ഈ സിനിമ. 

രാജ്യത്തിന്റെ മതസൗഹാർദത്തെ പോലും ചോദ്യം ചെയ്യുന്ന, വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന  സിനിമയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് പ്രധാനമന്ത്രി നൽകുന്ന ബഹുമാനം എത്രയാണെന്ന് കൂടി ഇതിൽനിന്ന് വ്യക്തമാകുന്നു.

രാജ്യത്ത് വിദ്വേഷം പടർത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രിയാണ് അതിനെ ന്യായീകരിക്കുന്നതെന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. പ്രധാനമന്ത്രി സ്ഥാനം ഭരണഘടനാപരമായ പദവിയാണ്. ആ പദവിയിൽ ഇരുന്ന് അദ്ദേഹം വിദ്വേഷ സിനിമയുടെ പ്രചാരകനാകരുത്. വസ്തുതാപരമല്ലാത്ത പച്ചനുണകൾ പ്രധാനമന്ത്രി പദത്തിലിരുന്ന് പറയരുത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, കേരളത്തോടുള്ള നരേന്ദ്ര മോദിയുടെ നിലപാട് നേരത്തേതന്നെ വ്യക്തമായിട്ടുള്ളതാണ്. സൊമാലിയയോട് കേരളത്തെ ഉപമിച്ച പ്രധാനമന്ത്രി, ഇപ്പോൾ മറ്റൊരു തലത്തിൽ കേരളത്തെ അപമാനിക്കുന്നവർക്ക് കൂട്ടുനിൽക്കുകയാണ്. കേരളത്തിന്റെ യഥാർഥ ചിത്രം ഇതല്ലെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട്. എന്നിട്ടും വിദ്വേഷ സിനിമയെ മുൻനിർത്തി കേരളത്തെ അപമാനിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രസ്താവന പിൻവലിച്ച് പ്രധാനമന്ത്രി കേരളീയരോട് മാപ്പു പറയണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker