കണ്ണൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ആശ്വാസമായി ഒരു വൈദികന്‍. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സേവനവുമായാണ് വൈദികന്‍ വ്യത്യസ്തനാകുന്നത്. സ്വന്തം ആംബുലന്‍സിന്റെ വളയം പിടിക്കുന്നതും അദ്ദേഹം തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. കണ്ണൂര്‍ ചെമ്പേരിയിലെ ഫാ. ജോമോന്‍ ചെമ്പകശേരിയാണ് പ്രദേശവാസികളെ സഹായിക്കാന്‍ സ്വയം ആംബുലന്‍സ് ഡ്രൈവറുടെ കുപ്പായം ധരിച്ചത്.
ലോക്ക്ഡൗണിന് ഒരാഴ്ച മുന്‍പാണ് ഫാ. ജോമോന്‍ ആംബുലന്‍സ് വാങ്ങിയത്. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ ആംബുലന്‍സുമായി ഈ വൈദികന്‍ സേവനമാരംഭിച്ചു. വാഹന സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് ഇപ്പോള്‍ ഫാ. ജോമോനാണ്. ആംബുലന്‍സിന്റെ ഡ്രൈവിംഗ് സീറ്റിലും ഈ വൈദികന്‍ തന്നെ. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ഫോണ്‍ കോള്‍ മാത്രം മതി. ആംബുലന്‍സുമായി ഫാ. ജോമോനെത്തും.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ഓരോ തവണയും രോഗികളെ ആശുപത്രിയിലെത്തിച്ച് തിരിച്ചു വന്നാലുടന്‍ ആംബുലന്‍സ് അണുവിമുക്തമാക്കും.
കണ്ണൂര്‍ രൂപതയുടെ അധീനതയിലുള്ള ചുണ്ടക്കുന്ന് പുതുക്കാട് എസ്റ്റേറ്റ് മാനേജരാണ് ഫാ. ജോമോന്‍. ചെമ്പേരി വൈസ് മെന്‍സ് ക്ലബ് അംഗമായ ഇദ്ദേഹം, ക്ലബ്ബിന്റെ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയാണ്. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ആംബുലന്‍സുമായി സേവന രംഗത്ത് തന്നെയുണ്ടാകും ഈ വൈദികന്‍.