കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഇന്നും മോന്‍സണിന്റെ വീട്ടില്‍ തുടരും. കേന്ദ്ര വനം -വകുപ്പ് ഉദ്യോഗസ്ഥരും കസ്റ്റംസുമാണ് മോന്‍സണിന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തുക.
ഇതിനിടെ പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ നിരവധി പേരെ പറ്റിച്ച മോന്‍സണ്‍ മാവുങ്കലിനെതിരെ വ്യവയാസി എന്‍. കെ കുര്യന്‍ രംഗത്ത് വന്നു. മോന്‍സണ്‍ തന്നെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി വ്യവസായി എന്‍. കെ കുര്യന്‍ പറഞ്ഞു. 2012ലായിരുന്നു സംഭവമെന്നും എന്‍. കെ കുര്യന്‍ പറഞ്ഞു.
ഡോക്ടറാണെന്ന് പറഞ്ഞായിരുന്നു മോന്‍സണ്‍ പരിചയപ്പെട്ടത്. കോട്ടയത്തെ മാംഗോ മെഡോസ് പാര്‍ക്കില്‍ മുതല്‍ മുടക്കാന്‍ തയ്യാറാണെന്ന് മോന്‍സണ്‍ വാഗ്ദാനം ചെയ്തു. ഫണ്ട് ലഭ്യമാക്കാന്‍ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു. തടസം നീക്കാന്‍ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. സുഹൃത്ത് ഹാഷിം വഴിയാണ് മോന്‍സണ്‍ ബന്ധപ്പെട്ടതെന്നും പിന്നീട് 2019 ല്‍ വീണ്ടും മോന്‍സണ്‍ ഫോണില്‍ വിളിച്ചെന്നും എന്‍. കെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. കേസില്‍ അന്വേഷണം തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്കും നീങ്ങുകയാണ്. പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ ചുമതലപ്പെടുത്തിയ തൃശൂരിലെ വ്യവസായിയായ കെ എച്ച് ജോര്‍ജിനെ ചോദ്യം ചെയ്യും. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരുഭാഗം ജോര്‍ജിനും നല്‍കിയതായാണ് സംശയിക്കുന്നത്.
കെ എച്ച് ജോര്‍ജ് മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുള്ളയാളാണ്. പണം നേരത്തെ വാങ്ങിയിരുന്ന കോഴിക്കോട് സ്വദേശികള്‍ തിരികെ പണം ആവശ്യപ്പെടുമ്പോള്‍ ജോര്‍ജ്, നാല് കോടി അറുപത് ലക്ഷം രൂപ നല്‍കും. അത് ഡല്‍ഹിയില്‍ കൊടുക്കുന്നതോടെ തനിക്ക് കിട്ടാനുള്ള കോടികള്‍ ഉടന്‍ വരും എന്നാണ് പറഞ്ഞുവച്ചിരുന്നത്. ഈയടുത്താണ് ജോര്‍ജിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നിര്‍വഹിച്ചത് മോന്‍സണ്‍ മാവുങ്കലായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. പുരാവസ്തുക്കള്‍ എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ വിറ്റിരുന്ന വസ്തുക്കള്‍ വിദേശത്ത് വില്‍ക്കാനുള്ള ചുമതലയും ജോര്‍ജിനായിരുന്നു. ജോര്‍ജിന്റെ പുതിയ സ്ഥാപനത്തില്‍ മോന്‍സണിന്റെ പണം കൂടി നിക്ഷേപിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
അതിനിടെ മോന്‍സണ്‍ മാവുങ്കല്‍ ഭൂമി തട്ടിപ്പ് കേസിലും പ്രതിയെന്നും തെളിഞ്ഞു. വയനാട് ബീനാച്ചി എസ്റ്റേറ്റില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാല സ്വദേശി രാജീവ് ശ്രീധരനില്‍ നിന്ന് ഇങ്ങനെ ഇയാള്‍ തട്ടിയെടുത്തത് 1.72 കോടി രൂപയാണ്. കേസില്‍ ക്രൈം ബ്രാഞ്ച് മോന്‍സണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ആദ്യം 26 ലക്ഷം രൂപയാണ് മോന്‍സണ്‍ വാങ്ങിയതെന്ന് രാജീവ് ശ്രീധരന്‍ പറയുന്നു. ഇത് പല തവണയായി വാങ്ങിയതാണ്. പിന്നീട് ഡെല്‍ഹിയിലെ ആവശ്യത്തിനായി വീണ്ടും പണം വാങ്ങി. വീണ്ടും പല ആവശ്യങ്ങള്‍ പറഞ്ഞ് പലതവണ പണം തട്ടി. ആദ്യം നല്‍കിയ 26 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ വീണ്ടും പണം നല്‍കി എന്നും രാജീവ് ശ്രീധരന്‍ പറയുന്നു.