
ന്യൂഡൽഹി: സാമൂഹികമാധ്യമമായ ‘എക്‌സി’ല്‍ തനിക്കെതിരേ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി ബോളിവുഡ് താരം പ്രീതി സിന്റ. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെ.പി.സി.സി.)യുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ പോസ്റ്റിനെതിരേയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്.
പ്രീതി സിന്റ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ബി.ജെ.പി.യ്ക്ക് കൈമാറിയെന്നും തുടര്‍ന്ന് നടിയുടെ 18 കോടിയുടെ വായ്പ ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് എഴുതിത്തള്ളിയെന്നുമായിരുന്നു കെ.പി.സി.സി.യുടെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ആരോപണം. ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ഈ ആരോപണം.
എന്നാല്‍, കോണ്‍ഗ്രസ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞാണ് നടി പ്രീതി സിന്റ ഇതിന് മറുപടി നല്‍കിയത്. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് താന്‍ തന്നെയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ലജ്ജ തോന്നുകയാണെന്നും തന്റെ ചിത്രവും പേരും ഉപയോഗിച്ച് മോശം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നതില്‍ താന്‍ ഞെട്ടിപ്പോയെന്നും നടി എക്‌സില്‍ കുറിച്ചു. ബാങ്കില്‍നിന്ന് താനെടുത്ത വായ്പ പത്തുവര്‍ഷം മുന്‍പ് തന്നെ മുഴുവനായി അടച്ചുതീര്‍ത്തതാണെന്നും നടി വ്യക്തമാക്കി. അതേസമയം, നടിയുടെ പ്രതികരണത്തിന് പിന്നാലെ കെ.പി.സി.സി.യുടെ ഔദ്യോഗിക അക്കൗണ്ടിലും ഇതുസംബന്ധിച്ച മറുപടി പ്രത്യക്ഷപ്പെട്ടു.
നിങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യുന്നത് നിങ്ങള്‍ തന്നെയാണ് എന്നറിഞ്ഞതിലും മറ്റു സെലിബ്രറ്റികളെപ്പോലെ കുപ്രസിദ്ധമായ ഐ.ടി. സെല്ലിന് സാമൂഹികമാധ്യമ അക്കൗണ്ട് കൈമാറാതിരുന്നതിനും സന്തോഷമുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. വായ്പ സംബന്ധിച്ചുള്ള വിഷയത്തില്‍ വിശദീകരണം നല്‍കിയതിന് നന്ദിയുണ്ടെന്നും തങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നതായും കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. മാധ്യമവാര്‍ത്ത മാത്രമാണ് തങ്ങള്‍ നേരത്തെ പങ്കുവെച്ചതെന്നും കോണ്‍ഗ്രസിന്റെ വിശദീകരണ കുറിപ്പിലുണ്ട്.