ആലത്തൂരില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍
പാലക്കാട്: ആലത്തൂരില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധമെന്ന് പോലീസ്. പാലക്കാട് ആലത്തൂരിലെ ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന വീട്ടമ്മയും അറസ്റ്റിലായി. എരിമയൂര്‍ മരുതക്കോട് ബിജു (28), എരിമയൂര്‍ മാരാക്കാവ് പുത്തന്‍വീട്ടില്‍ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിരുപ്പൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ബിജുവിന്റെ ഭാര്യ പനയൂര്‍ അത്തിക്കോട് ചന്ദ്രന്റെ മകള്‍ ഐശ്വര്യ (20) മേയ് 29നു പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കെട്ടിട നിര്‍മാണത്തൊഴിലാളിയായ ഭര്‍ത്താവ് ബിജുവും കൂടെ പണിചെയ്തിരുന്ന മനോശാന്തിയും തമ്മിലുള്ള അടുപ്പമാണ് ഐശ്വര്യ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. 28നു ബിജുവും മനോശാന്തിയും നാടുവിട്ടിരുന്നു. ഇരുവരെയും കാണ്മാനില്ലെന്നു ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ബിജുവും ഐശ്വര്യയും വിവാഹിതരായത്. പതിനായിരം രൂപയും 8 പവന്റെ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു. ഇതു പോരെന്നു പറഞ്ഞ് നിരന്തരം ബിജു ഐശ്വര്യയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സ്ത്രീധന പീഡനം, ഭാര്യാ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിലാണ് ബിജുവിനെതിരെ കേസെടുത്തത്.