തിരുവനന്തപുരം: അഡ്വ. യു. പ്രതിഭ എം.എല്‍.എ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്താണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മറ്റൊന്നുമല്ല കത്ത് ചര്‍ച്ചയാകാനുള്ള കാരണം, അതിലെ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ജയ് ശ്രീ റാം വിളക്കാത്തതിന്റെ പേരില്‍ യുപിയില്‍ മുസ്ലീം ബാലനെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രതിഭ എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചത്. ‘സാര്‍, താങ്കള്‍ എല്ലാ പൗരന്മാരും സഹോദരീ സഹോദരന്മാരിയി ജീവിക്കുന്നുവെന്ന് ലോകം ആഘോഷിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണല്ലോ? ഞാന്‍ കേരള നിയമസഭയിലെ ഒരംഗമാണ്. പക്ഷെ, ഈ കത്തെഴുതുന്നത് ഒരു കൗമാരപ്രായക്കാരന്റെ അമ്മ എന്ന നിലയിലാണ്. എനിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായ അങ്ങുമായി ഈ വിവരം പങ്കുവെയ്ക്കാനുള്ള അനുമതിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. രക്തദാഹികളും മാംസക്കൊതിയന്മാരുമായ ചില മനുഷ്യര്‍ ഉത്തര്‍പ്രദേശില്‍ ഒരു കൗമാരക്കാരനെ തീകൊളുത്തിക്കൊന്നത് അറിഞ്ഞിരിക്കുമല്ലോ? നമുക്കറിയാം നമ്മുടെ ശരീരത്തില്‍ ഒരു ചെറിയ പൊള്ളലോ മുറിവോ ഉണ്ടായാല്‍ എന്ത് വേദനയുണ്ടാകുമെന്ന്. അവനെ അത്തരത്തില്‍ ശിക്ഷിക്കാന്‍ ആ കുട്ടി എന്ത് തെറ്റാണ് ചെയ്തത്. ഹിന്ദുത്വത്തിലും ജന്മ പുനര്‍ജന്മങ്ങളിലും ഒക്കെ വിശ്വസിക്കുന്ന ഒരാളാണ് താങ്കള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പാപത്തിന്റെ രക്തക്കറ എവിടെ പോയാണ് കഴുകി കളയുക? ആ കുട്ടിയെ കൊന്നതിലൂടെ മോക്ഷം പ്രാപിക്കാന്‍ കഴിയുമെന്നാണ് ആ നരാധമന്മാര്‍ കരുതിയിരിക്കുന്നത്. ആ മൃതദേഹം അവരെക്കൊണ്ട് തീറ്റിച്ച് അവരെ മോക്ഷത്തിലേക്കെത്താന്‍ സഹായിക്കൂ. ജാതിയുടെ മതത്തിന്റെയും പേരില്‍ അങ്ങയുടെ ബധിരരും മൂകരുമായ അനുയായികള്‍ നടത്തുന്ന ഇത്തരം മനുഷ്യത്വമില്ലായ്മ അവസാനിപ്പിക്കാന്‍ സമയമായി’
ഇതാണ് എംഎല്‍എയുടെ കത്തിലെ ഉള്ളടക്കമെങ്കിലും കത്ത് ഇംഗ്ലീഷില്‍ എഴുതി വന്നപ്പോള്‍ ആകെ കൈയ്യില്‍ നിന്ന് പോയി. എല്‍എല്‍ബി ബിരുദദാരിണിയായ ഒരു എംഎല്‍എയുടെ വാക്കുകള്‍ ആണോ ഇതെന്നാണ് ഒരുപക്ഷം ചോദിക്കുന്നത്. ‘എന്താ വ്യാകരണം, എന്തൊരു അഗാധമായ പാണ്ഡിത്യം. വാക്കുകളുടെ ചേര്‍ച്ച എടുത്തു പറയേണ്ടതാണ്. യൂണിവേഴ്സിറ്റി കോളേജില്‍ ആയിരിക്കും പഠിച്ചത്. ആ ഒറ്റ ഒപ്പില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്’ എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇതിലെന്താണിത്ര തെറ്റ് എംഎല്‍എ പറയാനുള്ള കാര്യം കൃത്യമായി പറഞ്ഞില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്നാല്‍ ഒരു ഔദ്യോഗിക കത്തിനുവേണ്ട ഭാഷപോലും ഉപയോഗിക്കാതെ തയ്യാറിക്കിയിരിക്കുന്ന ഈ കത്ത് ഒരു എല്‍എല്‍ബി ബിരുദധാരി എഴുതിയതാണെന്ന് പറയുമ്പോള്‍ എംഎല്‍എയുടെ വിദ്യാഭ്യാസ യോഗ്യതകളെയും ചിലര്‍ ചോദ്യം ചെയ്യുന്നു.