EntertainmentKeralaNews

പ്രതാപ് പോത്തന്റെ മരണത്തില്‍ അസ്വഭാവികത? വെളിപ്പെടുത്തി മുന്‍ ഭാര്യ

ചെന്നൈ: നടനും സംവിധായകനുമൊക്കെയായ പ്രതാപ് പോത്തന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ അമ്പരപ്പിലാണ് സിനിമാ ലോകം. അഭിനേതാവായും സംവിധായകനായിട്ടും ഒരുപിടി മനോഹര സിനിമകള്‍ സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു പ്രതാപ് പോത്തന്‍. ജീവിതത്തിലെ പല പരാജയങ്ങളും നേരിട്ട നടന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്.മരണത്തേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പുകളിലെ സൂചനകള്‍.

നടന്റെ മരണം എങ്ങനെ സംഭവിച്ചു എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നടനെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത പല അഭ്യൂഹങ്ങള്‍ക്കും കാരണമാക്കിയിട്ടുണ്ട് . ഒടുവില്‍ പ്രതാപ് പോത്തന്റെ മരണ കാരണമെന്താണെന്ന് വെളിപ്പെടുത്തി മുന്‍ഭാര്യ അമല രംഗത്ത് എത്തിയിരിക്കുകയാണ്.പിടിഐ യ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് അമല വിശദീകരണം നല്‍കിയത്. ഇതോടെ നടന്റെ മരണത്തിലുള്ള ദുരൂഹതകളൊക്കെ അവസാനിച്ചു. ജൂലൈ പതിനഞ്ച് വെള്ളിയാഴ്ച രാവിലെയാണ് പ്രതാപ് പോത്തന്‍ അന്തരിച്ചു എന്ന വിവരം പുറത്ത് വരുന്നത്. ചെന്നൈയിലെ ഫ്ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കിടക്കുന്നത് സഹായി രാവിലെ വന്ന് നോക്കുമ്പോഴാണ് കാണുന്നത്.

ഏഴുപത് വയസുകാരനായ പ്രതാപിന് എന്ത് സംഭവിച്ചു എന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ നടന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് മുന്‍ഭാര്യ അമല വ്യക്തമാക്കി. ഉറക്കത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതാണ് പ്രതാപ് പോത്തന്റെ മരണത്തിന് കാരണമായതെന്നും ഭാര്യ പറയുന്നു.

1990 ലാണ് പ്രതാപ് പോത്തന്‍ അമല സത്യനാഥിനെ വിവാഹം കഴിക്കുന്നത്. സീനിയര്‍ കോര്‍പറേറ്റ് പ്രൊഫഷണലായിരുന്നു അമല. ഈ ബന്ധത്തില്‍ കേയ എന്നൊരു മകള്‍ കൂടി നടനുണ്ട്.വിവാഹിതരായ പ്രതാപും അമലയും ഒത്തിരി വര്‍ഷങ്ങള്‍ ഭാര്യ-ഭര്‍ത്താക്കന്മാരായി ജീവിച്ചു. എന്നാല്‍ 2012 ല്‍ ഇരുപത്തിരണ്ട് വര്‍ഷം നീണ്ട ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചു. അമല സത്യനാഥുമായിട്ടുള്ളത് പ്രതാപിന്റെ രണ്ടാം വിവാഹമായിരുന്നു. അമലയ്ക്ക് മുന്‍പ് നടി രാധിക ശരത് കുമാറിനെയാണ് നടന്‍ വിവാഹം കഴിച്ചത്. 1985 ല്‍ നടന്ന വിവാഹം ഒരു വര്‍ഷത്തിന് ശേഷം 1986 ല്‍ അവസാനിച്ചു.

രണ്ട് വിവാഹബന്ധങ്ങളും തകര്‍ന്നതോടെ പ്രതാപ് ഒറ്റയ്ക്കായിരുന്നു താമസം. മാത്രമല്ല വിവാഹത്തോടുള്ള വിശ്വാസം തനിക്കില്ലെന്നും അത് തനിക്ക് വിധിച്ചിട്ടുള്ളതല്ലെന്നും മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കിയിരുന്നു.നേരത്തെ ജീവിതം അവസാനിപ്പിക്കാന്‍ പ്രതാപ് പോത്തന്‍ ശ്രമിച്ചിരുന്നു. പ്രണയ പരാജയങ്ങളും നിരാശയുമൊക്കെയാണ് കാരണമെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടന്റെ വിയോഗത്തോടെ അങ്ങനെയും സംശയം ഉയര്‍ന്നു.

്പ്രതാപ് പോത്തന്റെ മരണത്തില്‍ ഉയര്‍ന്ന് വന്ന അഭ്യൂഹങ്ങള്‍ ഏകദേശം അവസാനിച്ചിരിക്കുകയാണ്. മറ്റ് അസ്വാഭാവികതകളൊന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ഇല്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ് കാരണമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി അര്‍പ്പിച്ച് താരസംഘടനയായ ‘അമ്മ’. പ്രമുഖതാരങ്ങളെല്ലാം തന്നെ നടനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഓടിയെത്തിയിട്ടുണ്ട്. നരേന്‍, റഹ്മാന്‍, കനിഹ, റിയാസ്ഖാന്‍ തുടങ്ങിയ താരങ്ങള്‍ ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ചെന്നൈയില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ആയിരുന്ന കനിഹയാണ് വിയോഗവാര്‍ത്ത അറിഞ്ഞ ഉടന്‍ പ്രതാപ് പോത്തന്റെ വസതിയില്‍ എത്തിയത്. പിന്നാലെ മറ്റു താരങ്ങളുമെത്തി. അമ്മ സംഘടനയെ പ്രതിനിധീകരിച്ച് താരങ്ങള്‍ പ്രതാപ് പോത്തന്റെ ഭൗതികദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
സംസ്‌കാരം നാളെ രാവിലെ 10-ന് ചെന്നൈയിലെ ന്യൂ ആവടി റോഡിലെ ശ്മശാനത്തില്‍.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന്‍ തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് ആയിരുന്നു അദ്ദേഹം ഒടുവില്‍ അഭിനയിച്ച ചിത്രം. പ്രതാപ് പോത്തന്റെ ആകസ്മിക വേര്‍പാടില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരെല്ലാം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടു ദിവസം മുമ്പ് വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് മലയാള സിനിമാ താരങ്ങള്‍ക്ക്. അതിനിടയില്‍ നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയാണ് ഏറെ ഞെട്ടിച്ചിരിക്കുന്നത്. ബുധനാഴ്ച മൈസൂറില്‍ പാക്കപ്പ് ആയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

എന്നെ സംബന്ധിച്ച് ഏറ്റവും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പ്രതാപ് പോത്തന്‍ സാറിന്റെ മരണം. കാരണം നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന എന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചിട്ട് അദ്ദേഹം മിനിഞ്ഞാന്ന് മടങ്ങിയതേ ഉള്ളൂ. ചിത്രത്തിന്റെ പാക്കപ്പ് ബുധനാഴ്ച ആയിരുന്നു.

സിനിമയുടെ പേരും തീരുമാനിച്ചിട്ടില്ല. നിവിന്‍ പോളിയുടെ അച്ഛനായ ഡേവിസ് എന്ന കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം വളരെയധികം സന്തോഷവാനായിട്ടാണ് കാണപ്പെട്ടത്.

ആരോഗ്യപ്രശ്ങ്ങള്‍ ഒന്നും തന്നെ ഉള്ളതായി തോന്നിയിട്ടില്ല. സ്മാര്‍ട്ട് ആയി വന്ന് അഭിനയിച്ചു മടങ്ങി. ഷൂട്ടിങ് ഇടവേളകളില്‍ ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റിയും സംസാരിച്ചിരുന്നു. ഒരു സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അടുത്ത് തന്നെ അദ്ദേഹം അത് സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്.’റോഷന്‍ ആന്‍ഡ്രൂസ് ഷൂട്ടിങ് കാഴഘട്ടം ഓര്‍ക്കുന്നതിങ്ങനെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button