ബൈക്ക് ഓടിക്കുന്നതിനിടെ പ്രശാന്തിന്‍റെ അഭിമുഖം; ഹെല്‍മെറ്റ് എവിടെയെന്ന് ട്രാഫിക് പൊലീസ്, പിന്നാലെ പിഴ
തമിഴ് സിനിമയില്‍ ഒരു കാലത്ത് നിരവധി ഹിറ്റുകള്‍ നല്‍കി ട്രെന്‍ഡ് സൃഷ്ടിച്ച താരമായിരുന്നു പ്രശാന്ത്. എന്നാല്‍ സമീപകാലത്ത് സിനിമയില്‍ സജീവമല്ലായിരുന്നു അദ്ദേഹം. ഒരിടവേളയ്ക്ക് ശേഷം കോളിവുഡിലേക്ക് വീണ്ടുമെത്തുകയാണ് അദ്ദേഹം. ത്യാഗരാജന് സംവിധാനം ചെയ്യുന്ന അന്ധകന്‍ ആണ് പ്രശാന്ത് നായകനാവുന്ന പുതിയ ചിത്രം. ഒപ്പം വരാനിരിക്കുന്ന വിജയ് ചിത്രം ഗോട്ടിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് 9 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന അന്ധകന്‍ പ്രൊമോഷനുമായി തിരക്കുകളില്‍ നില്‍ക്കുന്ന പ്രശാന്തിന് ചെന്നൈ സിറ്റി ട്രാഫിക് പൊലീസ് പിഴ ചുമത്തിയതാണ് തമിഴ് മാധ്യമങ്ങളിലെ പുതിയ വാര്‍ത്ത.
കാര്‍ യാത്രയ്ക്കിടെ താരങ്ങളെ അഭിമുഖം ചെയ്യുന്നത് പതിവാണെങ്കില്‍ അതില്‍നിന്ന് വേറിട്ട് ഒരു ബൈക്ക് യാത്രയ്ക്കിടെ പ്രശാന്തിനെ അഭിമുഖം ചെയ്യുകയായിരുന്നു ഒരു തമിഴ് മാധ്യമം. പ്രശാന്ത് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതിനിടെ പിന്‍സീറ്റില്‍ ഇരിക്കുന്ന അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുമായിരുന്നു. എന്നാല്‍ ഈ അഭിമുഖം ചിത്രീകരിക്കുന്ന സമയത്ത് പ്രശാന്തും അവതാരകയും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതിന് പിന്നാലെ ചെന്നൈ സിറ്റി പൊലീസ് ഇരുവര്‍ക്കും 2000 രൂപ പിഴ ഈടാക്കുകയായിരുന്നു. ട്രാഫിക് പൊലീസ് തന്നെ ഇത് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു.
അതേസമയം പൊലീസ് പിഴ ചുമത്തിയതിന് പിന്നാലെ ഇതേ ചാനല്‍ പ്രശാന്തിന്‍റെ ഒരു വിശദീകരണ വീഡിയോയും പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖം ചെയ്യുകയായിരുന്നതിനാല്‍ ഹെല്‍മെറ്റ് വെക്കുന്നപക്ഷം തനിക്ക് ചോദ്യങ്ങള്‍ കൃത്യമായി കേള്‍ക്കാനും മറുപടി പറയാനും ബുദ്ധിമുട്ടാകുമെന്നതിനാലാണ് അത് ഒഴിവാക്കിയതെന്നാണ് പ്രശാന്ത് പറയുന്നത്. ബൈക്ക് ഓടിക്കുമ്പോള്‍ എല്ലായ്പ്പോഴും ഹെല്‍മറ്റ് ധരിക്കണമെന്ന് നടന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018 ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ചിത്രം അന്ധാധുനിന്‍റെ റീമേക്ക് ആണ് അന്ധകന്‍. ഇതേ ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു പൃഥ്വിരാജ് നായകനായി 2021 ല്‍ പുറത്തെത്തിയ ഭ്രമം.