ലൈവ് പെർഫോമൻസുമായി വേദി കീഴടക്കി പ്രണവ്
വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് പ്രണവ് മോഹൻലാൽ. യാത്രകളും സാഹസികതകളും ഇഷ്ടപ്പെടുന്ന പ്രണവിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഒരു ലൈവ് പെർഫോമൻസിന്റെ വീഡിയോയാണ് പ്രണവ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.
യാത്രയ്ക്കിടയിൽ ഒരു വേദിയിൽ ലൂയിസ് ആംസ്‌ട്രോങ്ങിന്റെ ‘സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസ്’ എന്ന ഗാനം ആലപിക്കുകയാണ് പ്രണവ്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നടൻ ആന്റണി വർഗീസ് ഉൾപ്പടെയുള്ളവർ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
“രാമനാഥന് പാട്ടും വശം ഉണ്ടല്ലേ, ഇതൊക്കെ ആണ് ഇങ്ങേരുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ, ആഹാ അപ്പുക്കുട്ടന് പാട്ടും വശമുണ്ടല്ലേ, സകലകലാവല്ലഭൻ, ഈ മനുഷ്യനെ ഒന്ന് കാണണം എന്ന് വല്യ ആഗ്രഹം”, എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമന്റുകൾ.
ഹൃദയമാണ് പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിനീത് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം റിലീസ് ചെയ്തത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ജനശ്രദ്ധനേടിയിരുന്നു.
കല്യാണിയും പ്രണവും മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയിലാണ് എന്ന് അടുത്തിടെ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. 2023ല്‍ പ്രണവ് സിനിമയിലേക്ക് തിരിച്ചുവരുമെന്നാണ് നേരത്തെ വിനീത് ശ്രീനിവാസനും ഹൃദയത്തിന്‍റെ നിര്‍മാതാവും അറിയിച്ചത്.