സ്ഥിരമായി ഗോമൂത്രം കുടിക്കൂ, കൊവിഡ് വരില്ല; പ്രജ്ഞ സിങ് ഠാക്കൂര്‍
ഭോപ്പാല്‍: സ്ഥിരമായി ഗോമൂത്രം കുടിക്കുന്നതിനെ തുടര്‍ന്നാണ് തനിക്ക് കൊവിഡ് വരാതിരുന്നതെന്ന അവകാശവാദവുമായി ബി.ജെ.പി നേതാവും എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ബൈരാഘട്ടിലെ ഒരു പരിപാടിക്കിടെയാണ് പ്രജ്ഞ ഇക്കാര്യം വ്യക്തമാക്കിയത്.
ശ്വാസകോശത്തിലെ അണുബാധയെ ഗോ മൂത്രം തടയും. താന്‍ സ്ഥിരമായി ഗോ മൂത്രം കുടിക്കാറുണ്ട്. ഇത് ശ്വാസകോശത്തിലെ അണുബാധ ഇല്ലാതാക്കുന്നു. അതുകൊണ്ട് ഇതുവരെ തനിക്ക് കൊവിഡ് ബാധിച്ചിട്ടല്ല. ഗോ മൂത്രം കുടിക്കുന്നതിനാല്‍ താന്‍ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും ഠാക്കൂര്‍ പറഞ്ഞു.
നേരത്തെയും സമാനമായ അഭിപ്രായം ഇവര്‍ പങ്കുവച്ചിരുന്നു. തന്നെ ക്യാന്‍സറില്‍ നിന്ന് മുക്തനാക്കാന്‍ ഗോമൂത്രവും പഞ്ചഗവ്യവും സഹായിച്ചിരുന്നെന്നായിരുന്നു അന്ന് പറഞ്ഞത്. താന്‍ പതിവായി ഗോമൂത്രവും പഞ്ചഗവ്യവും കഴിക്കുന്നു. ഇത് തന്നെ ക്യാന്‍സറില്‍ നിന്ന് മുക്തനാക്കി. എല്ലാവരും പശുമൂത്രം കുടിക്കണമെന്നും പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു.