തിരുവനന്തപുരം:പോത്തൻകോട് വയോധികനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ.അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനാണ് (57)വെട്ടേറ്റുമരിച്ചത്.
രാധാകൃഷ്ണന്റെ സുഹൃത്തുക്കളും അയിരൂപ്പാറ സ്വദേശീകളുമായ അനിൽ, കുമാർ എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രി 11 മണിയോടെ പോത്തൻകോട് അയിരൂപ്പാറ ജംഗ്ഷനിൽ വച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്.
സുഹൃത്തുക്കൾ ചേർന്നുള്ള മദ്യപാനം വാക്കേറ്റത്തിലും പിന്നീട് കൊലപാതകത്തിലും കലാശിയ്ക്കുകയായിരുന്നു.
കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന രാധാകൃഷ്ണനെ പ്രതികൾ വെട്ടുന്നത് സമീപത്തുള്ള സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.വെട്ടേറ്റ രാധാകൃഷ്ണൻ ഒരു മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്നു. തുടർന്ന് വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് പോലീസ് ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രാവിലെ ഏഴു മണിയോടെ മരിക്കുകയായിരുന്നു.
https://youtu.be/BlWJLSmX4DU
സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്കുളള വഴിമദ്ധ്യേ രാധാകൃഷ്‌ണൻ പൊലീസിന് മൊഴി നൽകിയിരുന്നു.ഇരുവരും തമ്മിലുളള വാക്കുതർക്കത്തിനിടയിൽ അനിൽ തന്റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വെട്ടിയതെന്നാണ് രാധാകൃഷ്‌ണൻ പൊലീസിന് മൊഴി നൽകിയത്.