ന്യൂയോര്‍ക്ക്:ടി20 ലോകകപ്പിലെ ത്രില്ലറില്‍ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസം രോഹിത് ശര്‍മയ്ക്കും സംഘത്തിനുമുണ്ട്. ഇന്ത്യൻ ടീമിറങ്ങുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ പ്രത്യേകിച്ച് മലയാളി ആരാധകരുടെ ഏറ്റവും വലിയ ചോദ്യം മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം പിടിക്കുമോ എന്നതാണ്.
സന്നാഹ മത്സരത്തിൽ ഓപ്പണറായി താരത്തിന് അവസരം ലഭിച്ചെങ്കിലും ഒരു റൺസ് മാത്രമെടുത്ത് പുറത്തതാകുകയായിരുന്നു. അതിനു ശേഷം താരത്തിന് അയര്ലണ്ടിനെതിരെ മത്സരിക്കാൻ അവസരം ലഭിച്ചതുമില്ല. രോഹിത്തിന് പകരം ഓപ്പണിങ്ങിൽ ഇറങ്ങുമെന്ന് ലോകകപ്പിന് മുൻപ് കരുതിയിരുന്ന ജയ്‌സ്വാലിന് പകരം വിരാട് കോലിയാണ് ആദ്യ മത്സരത്തിൽ ഓപ്പണറായത്.
കോലിയുടെ മൂന്നാം നമ്പറിൽ റിഷബ് പന്ത് കളിക്കുകയും മത്സരത്തിൽ പുറത്തകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഇന്നിംഗ്സ് പുറത്തെടുക്കുകയും ചെയ്തിരുന്നു. സന്നാഹ മത്സരത്തിൽ അർധ സെഞ്ചുറിയും കൂടെ കൂട്ടി പന്ത് .
ഏത് പൊസിഷനിലും കളിയ്ക്കാൻ കെൽപ്പുള്ള താരമാണ് താനെന്ന് അണ്ടർ 19 നാളുകൾ മുതൽ തെളിയിച്ചിട്ടുണ്ടെങ്കിലും മൂന്നാം നമ്പറിൽ കൂടുതൽ തിളങ്ങിയിട്ടുള്ള സഞ്ജു മൂന്നാം നമ്പറിലെത്തുമെന്ന് കരുതിയതായിരുന്നു ആരാധകർ.
ഇനി പാകിസ്താനെതിരെ ആദ്യ ഇലവനിൽ സഞ്ജുവെത്തണമെങ്കിൽ ടീമിൽ ബൗളിംഗ് കൂടി സാധ്യാമാണ് എന്നുള്ളത് കൊണ്ട് ഓൾ റൗണ്ടറായി ഇടം നേടിയ ശിവം ദുബൈയെ ആദ്യ ഇലവനിൽ നിന്ന് മാറ്റണം. ദുബൈ ഉൾപ്പെടെ കഴിഞ്ഞ മത്സരത്തിൽ 7 ബൗളിംഗ് ഓപ്ഷനുകൾ ടീമിനുണ്ടായിരുന്നു.’ ബൗൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചതുമില്ല.
ശിവം ദുബൈയെ ഒഴുവാക്കുകയെന്ന സാധ്യതയിലേക്ക് ടീം പോകുകയും വിന്നിങ് കോമ്പിനെഷൻ നില നിർത്താതിരിക്കുകയും ചെയ്യുമോ എന്ന് കണ്ടറിയാം. ഇനി ആദ്യം ഇലവനിൽ ഇടം നേടിയാൽ തന്നെ സഞ്ജുവിന് തന്റെ പ്രിയപ്പെട്ട മൂന്നാം നമ്പർ ലഭിക്കാനും ഇടയില്ല. ഫിനിഷർ റോളിലായിരിക്കും വിക്കറ്റ് കീപ്പർ ബാറ്ററായി മൂന്നാം നമ്പറിൽ പന്ത് തന്നെ തുടരും . ശ്രീശാന്ത് 2007 ടി20 ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കായി ആദ്യ ഇലവനിൽ കളിച്ചിരുന്നു. മറ്റൊരു മലയാളി താരം ലോകകപ്പ് ടീമിൽ ഇടം നേടുമ്പോൾ വാട്ടർ ബോയ് ആയി ഒതുങ്ങേണ്ടി വരികയെന്നത് അത്രമേൽ വേദനിപ്പിക്കുന്നത് തന്നെയാണ് .