ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം; അപകടനില തരണം ചെയ്തിതിട്ടില്ലെന്ന് വത്തിക്കാൻ

റോം: ശ്വാസകോശ അണുബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാൻ. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാൾ നില ഗുരുതരമാണെന്നും വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.
88-കാരനായ ഫ്രാൻസിസ് മാർപാപ്പ ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മരുന്നുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാൻ ഇനിയും സമയമെടുക്കുമെന്നും പൂർണമായും ഭേദമാകാൻ രണ്ടാഴ്ചവരെ എടുത്തേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്ന് ഫെബ്രുവരി 14-നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
20 വയസ്സുപ്പോൾ, അണുബാധയെ തുടർന്ന് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തിരുന്നു. 2021-ൽ അദ്ദേഹത്തിന് വൻകുടൽ ശസ്ത്രക്രിയയും നടത്തിയിരുന്നു.