തൃശൂർ: പൂരത്തിന്റെ പ്രധാന ആകർഷണ ഇനമായ വെടിക്കെട്ട് ഇന്ന് വീണ്ടും മാറ്റിവച്ചു. കനത്തമഴയെ തുടർന്നാണ് രണ്ടാമതും വെടിക്കെട്ട് മാറ്റിയത്. ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് ഞായറാഴ്‌ച നടത്തും. രാവിലെ പകൽപൂരവും അതിന് പിന്നാലെ 12 മണിയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങും നടന്നു. നഗരത്തിൽ പൂരപ്രേമികളെ ആവേശത്തിലാക്കി പകൽവെടിക്കെട്ടും നടന്നു. എന്നാൽ വൈകുന്നേരം വരെ ഒഴിഞ്ഞുനിന്ന മഴ ഇപ്പോൾ തൃശൂർ നഗരത്തിൽ ശക്തമായിരിക്കുകയാണ്. അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായുളള മഴയാണിത്.
ഇന്ന് പുലർച്ചെ വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ കുടമാറ്റ സമയത്ത് ആരംഭിച്ച അതിശക്തമായ മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇതോടെ വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് വെടിക്കെട്ട് നടത്താമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. പക്ഷെ കനത്ത മഴ കാരണം ഞായറാഴ്ച വൈകിട്ടത്തേക്ക് മാറ്റിയിരിക്കുകയാണ്. കുടമാറ്റ സമയത്ത് കനത്തമഴ പെയ്തിറങ്ങിയെങ്കിലും നിറഞ്ഞ് തുളുമ്പിയ പുരുഷാരം കണ്ണിമചിമ്മാതെ പിന്മാറാതെ ആവേശപൂർവം കുടമാറ്റം മുഴുവൻ കണ്ടു.വൈകിട്ട് 5.30ന് ആരംഭിച്ച കുടമാറ്റം ഏഴ് മണിയോടെയാണ് സമാപിച്ചത്.