KeralaNewsPolitics

യോഗത്തിനിടെ നേതാക്കള്‍ ഉറങ്ങി; എഴുന്നേറ്റ് നിര്‍ത്തി മുഖം കഴുകിപ്പിച്ച് സുധാകരന്‍

കൊച്ചി: കോൺഗ്രസ് യോഗത്തിനിടെ ഉറങ്ങി ചില നേതാക്കൾക്ക് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ശാസന. ഉറങ്ങിയ നേതാക്കളിൽ ഒരാളെ എഴുന്നേല്പിച്ചുനിർത്തുകയും മുഖംകഴുകി വന്നിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ എറണാകുളത്തു നടന്ന പൊളിറ്റിക്കൽ കൺവെൻഷനിലായിരുന്നു സംഭവം.

കെ-റെയിൽ സമരം ദേശിയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങൽ മെനയാനും യോഗത്തിൽ കോൺഗ്രസ് തീരുമാനമെടുത്തു. രാജ്യംമുഴുവൻ വിഷയം ചർച്ചയാവുന്ന വിധത്തിൽ പരിസ്ഥിതി-സാമൂഹിക പ്രവർത്തന മേഖലയിലെ ദേശീയ നേതാക്കളെയും പ്രഗത്ഭ വ്യക്തികളേയും കേരളത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതലത്തിൽ സെമിനാറുകളും മറ്റും സംഘടിപ്പിക്കും.

സമരമുഖത്തേക്ക് സ്ത്രീകളെയും വീട്ടമ്മമാരേയും കൂടുതലായി കൊണ്ടുവാരൻ പ്രത്യേകം ശ്രദ്ധിക്കും. റെയിൽ പോകുന്ന ഭാഗത്തെ മണ്ഡലം കമ്മിറ്റികൾ ഇരകളാകുന്നവരുടെ വിപുലമായ കുടുംബയോഗങ്ങൾ വിളിക്കും. കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങളും മറ്റും സംഘടിപ്പിക്കും. ബ്ലോക്-മണ്ഡലം കമ്മിറ്റികൾ സാമൂഹിക പ്രവർത്തകരേയും മറ്റും സംഘടിപ്പിച്ച് പ്രഭാഷണങ്ങളും ബോധവത്കരണ പരിപാടികളും നടത്തും.

20-നുള്ളിൽ എല്ലാ മണ്ഡലം കമ്മിറ്റികളും കെ-റെയിലിനെതിരേ ധർണ സംഘടിപ്പിക്കണം. എല്ലാ വീടുകളിലും കെ-റെയിൽവിരുദ്ധ ലഘുലേഖകൾ എത്തിക്കും. ശക്തമായ സമരപരിപാടികൾക്ക് വരുംദിവസങ്ങളിൽ രൂപം നൽകും.

പേരിനുള്ള സമരമല്ല ഉദ്ദേശിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നേതാക്കൾക്ക് വ്യക്തമായ നിർദേശം നൽകി. ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി മണ്ഡലം കമ്മിറ്റികൾ രംഗത്തിറങ്ങണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ 137 ജന്മദിനവുമായി ബന്ധപ്പെട്ട് 137 രൂപ വീതം എല്ലാ പ്രവർത്തകരും സംഭവന നൽകുന്ന പദ്ധതിപ്രകാരം അരക്കോടി രൂപയുടെ അടുത്ത് കിട്ടിയിട്ടുണ്ട്. അതുപോരാ, എല്ലാവരും പണം നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

കെ-റെയിൽ സമരങ്ങൾ ആലോചിക്കുന്നതിനായി ചേർന്ന എറണാകുളം, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാർ വരെയുള്ള പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് കെ.പി.സി.സി. പ്രസിഡന്റ് ഈ നിർദേശങ്ങൾ നൽകിയത്. മാധ്യമങ്ങളെ ഒഴിവാക്കിനിർത്തിയായിരുന്നു യോഗം.

കേരളത്തിലെ കോൺഗ്രസുകാരുടെ കൊക്കിൽ ജീവനും സിരകളിൽ രക്തവുമുള്ളിടത്തോളം കാലം കെ-റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സുധാകരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നാലു ജില്ലകളിൽ നിന്നുളള കെ.പി.സി.സി.-ഡി.സി.സി ഭാരവാഹികളും എം.പി.മാരും എം.എൽ.എ.മാരും ജനപ്രതിനിധികളുമെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker