പത്തനംതിട്ടയിലെ പെൺകുട്ടിയെ ആൺസുഹൃത്തും,സഹപാഠികളും അയൽക്കാരുമടക്കം പീഡിപ്പിച്ചു; 10 പേർകൂടി കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പോലീസ് പത്തുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും വിവരമുണ്ട്.കഴിഞ്ഞ ദിവസം അഞ്ചുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്.
പത്തനംതിട്ട ജില്ലയിലെ നാല് പോലീസ് സ്‌റ്റേഷനുകളില്‍ കൂടി പുതുമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. പോലീസ് അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രതികളെയെല്ലാം കസ്റ്റഡിയിലെടുക്കാനാവും എന്നാണ് പ്രതീക്ഷയെന്നും പോലീസിനെ ഉദ്ധരിച്ച് സി.ഡബ്ല്യു.സി. ചെയര്‍മാന്‍ അഡ്വക്കേറ്റ് രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി എല്ലാ പ്രതികളേയും തിരിച്ചറിയുകയും ആരൊക്കെ എവിടെയൊക്കെവെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്നതൊക്കെ സംബന്ധിച്ച് തെളിവുശേഖരണം പുരോഗമിക്കുന്നുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. കേസ് രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്കും അറസ്റ്റുകള്‍ നടക്കുന്ന മുറയ്ക്കും റിപ്പോര്‍ട്ടുകള്‍ അപ്പപ്പോള്‍ സി.ഡബ്ല്യു.സി.ക്ക് കൈമാറണം എന്നാണ് നിയമം. ഇപ്പോള്‍ത്തന്നെ നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിൽ തന്നെ പൂര്‍ണമായോ അല്ലെങ്കില്‍ ബഹുഭൂരിപക്ഷം റിപ്പോര്‍ട്ടുകളോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.ഡബ്ല്യു.സി. ചെയര്‍മാന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള പോക്‌സോ കേസാണിത്. ദളിത് പെണ്‍കുട്ടി, 18 വയസില്‍ താഴെ പ്രായമുള്ളപ്പോള്‍, മൂന്നരവര്‍ഷ കാലയളവില്‍ പീഡിപ്പിക്കപ്പെട്ടു എന്നതാണ് കേസിനെ അത്യധികം പ്രധാനപ്പെട്ടതാക്കി മാറ്റുന്നത്.
വിവാഹവാഗ്ദാനം നല്‍കി കാമുകനാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു പ്രതികള്‍. ശേഷം കാമുകന്റെ സുഹൃത്തുക്കള്‍, സഹപാഠികള്‍, കായിക പരിശീലകര്‍, കായിക താരങ്ങള്‍, സമീപവാസികള്‍ എന്നിവരില്‍ നിന്നാണ് പീഡനം നേരിടേണ്ടിവന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആയവരെല്ലാം 19-നും 30-നും ഇടയില്‍ പ്രായമുള്ളവരാണ്. പെണ്‍കുട്ടി ഇപ്പോള്‍ മഹിളാമന്ദിരത്തിലാണ് ഉള്ളത്.