വാഗമണ്‍: വാഗമണ്ണില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചതിന് പിന്നില്‍ ഒമ്പത് പേരെന്ന് പോലീസ്. സംഭവത്തെ തുടര്‍ന്ന് പിടിയിലായ 60 പേരെയും ചോദ്യം ചെയ്ത് വരികയാണ്. പാര്‍ട്ടി നടത്തിയ റിസോര്‍ട്ട് സിപിഐ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടിന്റേതെന്ന് പോലീസ് വ്യക്തമാക്കി.
ഇടുക്കി വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രികരിച്ച് നടന്ന നിശാ പാര്‍ട്ടിയിലാണ് ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. എല്‍എസ്ഡി അടക്കമുള്ള ലഹരി മരുന്നുകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു.
ഇന്നലെ വൈകുന്നേരം തൂങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച് ജില്ലാ പോലീസ് മേധാവി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പടെ അറുപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുകയാണെന്നും എ.എസ്.പി സുരേഷ് കുമാര്‍ പറഞ്ഞു. എല്‍ എസ് ഡി, സ്റ്റാമ്പ്, ഹെറോയില്‍, ഗം, കഞ്ചാവ് തുടങ്ങിയവയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
ചോദ്യം ചെയ്യലിനുശേഷം മയക്കുമരുന്ന് എത്തിച്ച സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം. ഒപ്പം കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചതിനെ കുറിച്ചും പോലീസ് അന്വേഷിക്കും. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.