തിരുവനന്തപുരം:കെ.എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊന്ന കേസില്‍ ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടാരാമന് വേണ്ടി പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും ഒത്തുകളിച്ചു കൊണ്ടാണ് നരഹത്യാ കുറ്റം കോടതി ഒഴിവാക്കിയതെന്ന് വ്യക്തം. മദ്യലഹരിയില്‍ വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയ ശ്രീറാമിനെ സഹായിക്കാന്‍ അന്ന് തിരുവനന്തപുരത്തെ പൊലീസ് സംവിധാനങ്ങള്‍ മുഴുവന്‍ ഇടപെട്ടിരുന്നു. ഇതില്‍ പ്രധാനമായി മാറിയത് ശ്രീറാം മദ്യലഹരിയില്‍ വാഹനം ഓടിച്ചു എന്നു തെളിയിക്കാന്‍ യാതൊരു ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നതാണ്.ശ്രീറാമിന്റെ രക്തം ശേഖരിക്കാനോ മദ്യപിച്ചെന്ന് തെളിയിക്കാനോ യതൊരു ശ്രമവും പൊലീസ് നടത്തിയിരുന്നില്ല. പൊലീസ് ഇട്ടുനല്‍കിയ പഴുതുകള്‍ വിചാരണാ ഘട്ടത്തില്‍ ശ്രീറാം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു.
നരഹത്യാ കുറ്റം ഒഴിവാക്കിയതോടെ കെ എം ബഷീറിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞതാണ് നീതി ലഭിക്കുമെന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് സംവിധാനങ്ങള്‍ തന്നെ കേസ് അട്ടിമറിച്ചുവെന്ന് കരുതേണ്ടി വരും. ആ വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്
ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും ഒത്തുകളിച്ച് ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യ പരിശോധന വൈകിച്ചതു കൊണ്ടാണ് ഇപ്പോള്‍ അയാള്‍ക്കെതിരെ നരഹത്യ വകുപ്പ് ഒഴിവാക്കപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതെന്ന് വി ടി ബല്‍റാം പ്രതികരിച്ചു. കെ എം ബഷീറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം ചെയ്ത നീതി എവിടെയെന്നും അദ്ദേഹം ചോദിച്ചു.
നരഹത്യാ കേസ് ഒഴിവാക്കപ്പെട്ടതോടെ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടേണ്ടി വരും. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.സനില്‍കുമാര്‍ ആണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. നരഹത്യാ കുറ്റമായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട വകുപ്പ് 304 നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നായിരുന്നു വിടുതല്‍ ഹര്‍ജികളില്‍ ഇരുവരുടെയും ആവശ്യം. എഫ് ഐആറില്‍ താന്‍ പ്രതിയല്ലന്ന് ശ്രീറാം ബോധിപ്പിച്ചിരുന്നു. രക്തസാമ്പിള്‍ എടുക്കാന്‍ താന്‍ വിമുഖത കാട്ടിയില്ല. വൈകിപ്പിച്ചത് പൊലീസാണെന്ന കാര്യവും ശ്രീറാം ചൂണ്ടിക്കാട്ടി. ഇവിടെ പൊലീസ് ശ്രീറാമിനെ സഹായിച്ചതാണ് കേസ്എങ്ങുമെത്താതെ പോകാന്‍ കാരണമെന്ന് വ്യക്തമാകുന്നു.
ശ്രീറാമിനെ മെഡിക്കല്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മാത്രമാണ് പൊലീസ് വെളുപ്പിന് 5.30 മണിക്ക് തനിക്ക് കത്ത് തന്നതെന്ന് 30 ആം സാക്ഷി ഡോ. രാകേഷ് തമ്പി മൊഴിയും നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നും അട്ടിമറി വ്യക്തമാണ്. രക്തസാമ്പിള്‍ എടുക്കാനോ മറ്റു പരിശോധന നടത്താനോ പൊലീസ് കത്തില്‍ ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടര്‍. പിന്നീട് രക്തസാമ്പിള്‍ പരിശോധിച്ച കെമിക്കല്‍ അനാലിസ് ലാബ് രക്തത്തില്‍ ആല്‍ക്കഹോള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടാണ് ശ്രീറാമിന പിടിവള്ളിയായത്. അതുകൊണ്ട് തന്നെ തെളിവു നശിപ്പിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കാതെയും വന്നു. വാഹന സ്പീഡ് മണിക്കൂറില്‍ 50 കി.മി. നു മേല്‍ വേഗതയിലെന്നു മാത്രമാണ് വോക്സ് വാഗണ്‍ കാര്‍ കമ്പനിയിലെ മെക്കാനിക്കല്‍ ഡിപ്ലോമക്കാരനായ ടെക്നീഷ്യന്‍ റിപ്പോര്‍ട്ട്.
പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ വഫയായിരുന്നെന്ന് സര്‍ക്കാര്‍ മറുവാദം ഉന്നയിച്ചയിരുന്നു. ശ്രീറാം. എന്നാല്‍, ഈ വാദം പൊളിയുകയാണ് ഉണ്ടായത്. ഉടന്‍ രക്ത സാമ്പിളെടുത്തെങ്കില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സര്‍ക്കാര്‍. ആശുപത്രി സ്റ്റാഫും ഡോക്ടര്‍മാരും ആശുപത്രിയില്‍ ചികിത്സ മോശമാണെന്നും കിംസ് എന്ന ആശുപത്രിയിലേക്ക് മാറ്റണം എന്നുമാവശ്യപ്പെട്ടുള്ള ശ്രീറാമിന്റെ പ്രവൃത്തികള്‍ വിവരിച്ച് സാക്ഷിമൊഴികള്‍ തന്നിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.
കഴിക്കുന്ന മദ്യത്തിന്റെ അളവ് അനുസരിച്ച് 8 മണിക്കൂര്‍ വരെ രക്തത്തില്‍ മദ്യത്തിന്റെ അംശം നിലനില്‍ക്കുകയുള്ളുവെന്ന് വിദഗ്ദ്ധ ഡോക്ടര്‍ ഉമാദത്തന്‍ തന്റെ പുസ്തകത്തില്‍ ആധികാരികമായി വ്യക്തമാക്കിയിട്ടുണ്ട്. ശ്രീറാം രക്തസാമ്പിളെടുക്കാന്‍ ആദ്യം ഡോക്ടര്‍ക്ക് സമ്മതം നല്‍കിയില്ല. മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍, ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ നിലനില്‍ക്കണമെങ്കില്‍ നിയമത്തില്‍ പറയുന്നത് 100 മി.ലി. രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ തന്റെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് ശ്രീറാം ബോധിപ്പിച്ചത്.
അതേസമയം ശ്രീറാം വിളിച്ചതനുസരിച്ച് ലിഫ്റ്റ് നല്‍കാനായി പോകുക മാത്രമാണ് ചെയ്തതെന്നാണ് വഫ ഫിറോസ് കോടതിയില്‍ പറഞ്ഞത്. മദ്യപിച്ച് വാഹനമോടിക്കാന്‍ താന്‍ പ്രേരിപ്പിച്ചിട്ടില്ല. അപകട കൃത്യത്തിന് ശേഷം സ്ഥലത്തെത്തിയ 74 ആം സാക്ഷിയായ മ്യൂസിയം എസ് ഐ മാത്രമാണ് തന്റെ സാന്നിധ്യം പറയുന്നതെന്നും വഫ ചൂണ്ടിക്കാട്ടി. കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാതെ 3 തവണ സമയം തേടിയ പ്രതികള്‍ കോടതി അന്ത്യശാസനം നല്‍കുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ബഷീര്‍ കൊല്ലപ്പെട്ട് ഓഗസ്റ്റ് 2 ന് രണ്ടു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ തുടങ്ങിയത്.
നിസ്സാര വകുപ്പിട്ടാണ് മ്യൂസിയം പൊലീസ് സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുമ്പ് പാറ്റൂരില്‍ വച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ ചീഫ് കെമിക്കല്‍ ലാബിലെ ഉദ്യോഗസ്ഥ ദമ്പതികളെ ഫുട്പാത്തിലൂടെ നടക്കവേ ടാങ്കര്‍ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡ്രൈവര്‍ക്കെതിരെ ചുമത്തിയത് 304 ആണ്. നരഹത്യകുറ്റത്തിന് ചാര്‍ജ് ചെയ്ത ആ കേസിന്റെ വിചാരണയില്‍ സെഷന്‍സ് കോടതി ഡ്രൈവര്‍ക്ക് ഏഴേ മുക്കാല്‍ വര്‍ഷത്തെ കഠിന തടവും 50,200 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍, ശ്രീറാമിന്റെ കാര്യത്തില്‍ ഐ എ എസ് ലോബിയുടെ സ്വാധീനത്താലാണ് മ്യൂസിയം പൊലീസ് എഫ് ഐആറില്‍ വെള്ളം ചേര്‍ത്തത്.