അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും,സ്ഥിരം കുറ്റവാളി’യെന്ന് പൊലീസ് റിപ്പോർട്ട്;
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡി ഐ ജി രാഹുൽ ആർ നായർക്ക് കൈമാറി. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഉത്തരവ് ഇറങ്ങിയാൽ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല. സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തു എന്നുകാട്ടി ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് കാപ്പ ശുപാർശ എന്നതും ശ്രദ്ധേയമാണ്.
ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജ്ജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണംസ്വന്തം നിലയ്ക്ക് നടത്തിയ അർജ്ജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജ്ജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടിസുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു. ഗൾഫിലും കേരളത്തിലുടനീളവും നെറ്റ് വർക്ക് ഉണ്ടാക്കി. കരിപ്പൂരിൽ ഇങ്ങനെയൊരു ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ പിടിയിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും ഈ മാസം ആദ്യം ഡിവൈഎഫ്ഐയും പൊലീസിൽ പരാതിനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കമ്മീഷണർ ശുപാർശ നൽകുന്നത്. ആദ്യ ശുപാർശയിൽ കൂടുതൽ വ്യക്തവരുത്താൻ ഡിഐജി ആവശ്യപ്പെട്ടപ്രകാരം വളപട്ടണം സ്റ്റേഷൻ പരിധിയിലെ ക്രിമനൽ കേസും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ചേർത്തുള്ള റിപ്പോർട്ടാണ് ഇന്ന് സമർപ്പിച്ചത്.
2021 ജൂൺ 28 നാണ് അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 31ന് അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.