കൊച്ചി: റെയ്ഡ് നടത്താനുള്ള കോടതി ഉത്തരവോടു കൂടിയാണ് ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. രാവിലെ 11.45ഓടെയാണ് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലേക്ക് എത്തിയത്. പോലീസ് സംഘം എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മതില്‍ ചാടി കടന്ന് വീട്ടുപറമ്പിലേക്ക് പ്രവേശിച്ചു. ഇതിനിടെ പരിശോധനയ്ക്കായി പോലീസ് സംഘമെത്തിയത് അറിഞ്ഞ് സഹോദരി എത്തി. പരിശോധനയ്ക്കുള്ള കോടതി വാറണ്ട് പോലീസ് സംഘം സഹോദരിയെ കാണിച്ചു.
ഇതേത്തുടര്‍ന്ന് സഹോദരി പരിശോധനയ്ക്കായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീടിന്റെ ഗേറ്റും വാതിലും തുറന്നുകൊടുത്തു. ദിലീപിന്റെ വീടിന് പുറമെ, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും ഒരേസമയം പരിശോധന നടക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം, പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നീ കേസുകളില്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് നടക്കുന്ന ആലുവയിലെ വീട്ടിലേക്ക് ദിലീപിന്റെ അഭിഭാഷകനും എത്തിയിട്ടുണ്ട്.
ദിലീപും കുടുംബവും വീട്ടില്‍ ഇല്ലെന്നാണ് സൂചന. ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വെച്ച് ദിലീപ്, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുവെന്നാണ് വെളിപ്പെടുത്തല്‍. കൂടാതെ ഈ വീട്ടിലെ ഹാളില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
ആലുവയിലെ വീട്ടില്‍ വെച്ച് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ഗള്‍ഫില്‍ നിന്നെത്തിയ വിഐപി ദിലീപിന് കൈമാറിയെന്നും, ഈ വീഡിയോ കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വീട്ടില്‍ വെച്ച് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരടക്കം ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. കേസില്‍ ദൃശ്യങ്ങള്‍ കൈമാറിയെന്ന് ആരോപണവിധേയനായ വിഐപിയും പ്രതിയാണ്. അന്വേഷണ ചുമതലയില്‍ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റണമെന്ന് ഒരു മന്ത്രിയെ വിളിച്ച് വിഐപി ആവശ്യപ്പെട്ടതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.