കൊച്ചി: എറണാകുളത്തെ ചമ്പക്കര മാര്‍ക്കറ്റില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ജില്ലയില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിച്ചതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും പോലീസും കൊച്ചി നഗരസഭയും രംഗത്തെത്തിയത്. ചമ്പക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് കോര്‍പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി.
പിന്നാലെ ഡിസിപി ജി. പൂങ്കുഴലിയും എത്തി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്‍ക്കറ്റില്‍ നിന്ന് 30 ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകള്‍ അടപ്പിക്കുകയും ചെയ്തു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ പരിശോധന നടത്തിയത്.
സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാല്‍ മാര്‍ക്കറ്റ് അടക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.