30 C
Kottayam
Friday, April 26, 2024

സല്യൂട്ട് വേണമെന്ന തൃശ്ശൂര്‍ മേയറുടെ ആവശ്യത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

Must read

തിരുവനന്തപുരം: സല്യൂട്ട് വേണമെന്ന തൃശ്ശൂര്‍ മേയറുടെ ആവശ്യത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സല്യൂട്ട് നിയമാനുസരണം അർഹതപ്പെട്ടവർക്കേ നൽകാനാവൂ. ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകാനാവില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫേസ്ബുക്കില്‍ കുറിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം.

ഔദ്യോഗിക വാഹനത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നൽകുന്നില്ലെന്നാണ് മേയര്‍ എം കെ വര്‍ഗീസിന്‍റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കാണ് എം കെ വര്‍ഗീസ് പരാതി നല്‍കിയത്. പല തവണ പറഞ്ഞിട്ടും പൊലീസ് മുഖം തിരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മേയറുടെ പരാതി ഡിജിപി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറി. മേയറുടെ പരാതിയിൽ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിലെ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് മേയറെ സല്യൂട്ട് ചെയ്യേണ്ടതുള്ളൂവെന്നാണ് പൊലീസിൻ്റെ വിശദീകരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

പോലീസും സല്യൂട്ടും…

കേരള പോലീസ് ഉൾപ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങൾ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് SALUTE. SALUTE എന്നത് പരസ്പര ബഹുമാനത്തിൻ്റെ കൂടി രൂപമാണ്. ” ആന്തരിക ബഹുമാനത്തിന്റെ ബഹിർസ്ഫുരണം” എന്നാണ് മലയാളത്തിൽ SALUTE എന്ന വാക്കിന് നൽകിയിട്ടുള്ള നിർവ്വചനം.

ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ ‘ONE WAY’ ആയി ചെയ്യുന്ന ആചാരമല്ല. താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ SALUTE ചെയ്യുമ്പോൾ, ഉയർന്ന റാങ്കിൽ ഉള്ളവർ തിരിച്ചും അവരെ ആചാരം ചെയ്യും. ഇങ്ങനെ സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് SALUTE. കൂടാതെ രാജ്യത്തെ ഭരണകർത്താക്കൾ, ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരേയും SALUTE ചെയ്യാറുണ്ട്. അവരും ഇപ്രകാരം തിരിച്ചും ചെയ്യേണ്ടതാണ്. ദേശീയ പതാകയേയും, അതാത് സേനാവിഭാഗങ്ങൾ അതാത് വിഭാഗങ്ങളുടെ പതാകകളേയും SALUTE നൽകി ആദരിക്കാറുണ്ട്.

ജനാധിപത്യ സമൂഹത്തിൽ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പോലീസ് സേനാ വിഭാഗം. അതിന്റെ ആദരവ് PSO യിൽ എന്താണ് പറയുന്നത് എന്ന് പോലും നോക്കാതെ നമ്മുടെ സേനാംഗങ്ങൾ നൽകി വരുന്നുണ്ട്.

ഇത്രയും എഴുതാൻ കാരണം, എനിക്കും പോലീസ് ഉദ്യോഗസ്ഥൻ SALUTE ചെയ്യണം എന്ന് കാണിച്ച് പലരും സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് അയക്കുന്ന പരാതികൾ കണ്ടതുകൊണ്ടാണ്. യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു SALUTE കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമാണ്. എന്നാൽ അതിന് നിർദ്ദേശം നൽകണം എന്ന പരാതി അയച്ചതിനെ ആശ്ചര്യത്തോടെ കാണുന്നു എന്ന് സൂചിപ്പിക്കട്ടെ.

റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്പോൾ റോഡിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നില്ല എന്നാണ് ഇപ്പോൾ കണ്ട പരാതി. ഇത്തരത്തിൽ കേരളത്തിൻ്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല. അവർ ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ്. ഇത്തരം സന്ദർഭങ്ങളിൽ സല്യൂട്ട് ഉൾപ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണ് വേണ്ടത് എന്ന വ്യക്തമായ നിർദ്ദേശം ഉൾപ്പെടെ സർക്കുലറായി ജീവനക്കാർക്ക് നൽകിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥന്മാരാൽ നയിക്കുന്ന സേനയാണ് കേരള പോലീസ് എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നു.

സർക്കാർ പരിപാടികളിൽ ഓരോരുത്തർക്കും നൽകേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വ്യവസ്ഥകൾ നിലവിലുണ്ടാകും. എന്നാൽ അത്തരം കാര്യങ്ങൾ സർക്കാർ പരിപാടികൾക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ല എന്ന് കൂടി സൂചിപ്പിക്കട്ടെ.

സേനാംഗങ്ങൾ വലിയ മൂല്യം നൽകുന്ന ആചാരമാണ് SALUTE. അത് നിയമാനുസരണം അർഹതപ്പെട്ടവർക്ക് മാത്രമേ നൽകാൻ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല എന്ന് കൂടി വിനയപൂർവ്വം അറിയിക്കട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week